കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിന്റെ മോശം അവസ്ഥയിൽ ആശങ്ക അറിയിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. തിങ്കളാഴ്ച നടക്കാനിരിക്കുന്ന ഐഎസ്എല്‍ മത്സരത്തിന്റെ മുന്നോടിയായി നടത്തിയ പരിശോധനകള്‍ക്ക് ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ ആശങ്ക വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളില്‍ ഒന്നാണ് കലൂര്‍ സ്റ്റേഡിയം. അടുത്തിടെ ഒരു കായിക ഇതര പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഗ്രൗണ്ടിലെ പിച്ചിന്റെ നില മോശമായിരിക്കുന്നത്. ഇതിൽ കേരള ബ്ലാസ്റ്റേഴ്സും ഐഎസ്എല്‍ അധികൃതരും നിരാശയിലാണ്. കായിക മത്സരങ്ങള്‍ക്കായി തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടില്‍ കായിക ഇതര പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ പിച്ച് പൂര്‍ണമായും നശിക്കുന്ന അവസ്ഥയാണുണ്ടാകുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരമൊരും സാഹചര്യം ഉണ്ടാകുന്നത് തടയുന്നതിനായുള്ള മുന്‍കരുതലുകള്‍ നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് ചൂണ്ടിക്കാട്ടി.
വലിയ തുക ചിലവഴിച്ചാണ് ഗ്രൗണ്ടില്‍ മത്സരയോഗ്യമായ പിച്ച് തയ്യാറാക്കുന്നതും കൃത്യമായ പരിചരണത്തിലൂടെ നിലനിര്‍ത്തുന്നതും. മോശമായാല്‍ പിച്ച് വീണ്ടും നന്നാക്കുന്നതിനായി ഏറെ തുക ആവശ്യമാണ്. അതിനാല്‍ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. നിലവില്‍ പിച്ച് പൂര്‍ണമായി സജ്ജമാക്കുന്നതിനായി ബ്ലാസ്റ്റേഴ്സിന്റെ പിച്ച് ടീം രാപ്പകല്‍ അധ്വാനിക്കുകയാണെന്നും ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Kaloor Stadium pitch in poor condition: Kerala Blasters raises concerns