തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ല; അന്‍വറിനെ തള്ളി കെ മുരളീധരന്‍

രാഹുല്‍ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മമതയെന്ന് കെ മുരളീധരൻ

dot image

മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്ത പി വി അന്‍വറിന്റെ യുഡിഎഫ് മുന്നണി സാധ്യതകളെ തള്ളി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അധ്യക്ഷ മമതാ ബാനര്‍ജി കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിക്ക് എതിരെ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

'മമത ബാനര്‍ജി ഇന്‍ഡ്യ സഖ്യത്തില്‍ അംഗമാണെങ്കിലും അവരുടെ എല്ലാ പ്രവര്‍ത്തിയും കോണ്‍ഗ്രസിന് എതിരാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തെ മമത ചോദ്യം ചെയ്യാറുണ്ട്. അവര്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ ബിജെപിയുമായി ചേര്‍ന്ന് തോല്‍പ്പിച്ചതാണ്. കേരളത്തില്‍ അവരുമായി യോജിക്കാന്‍ കഴിയില്ല. അഖിലേന്ത്യാ നേതൃത്വമാണ് അവസാന തീരുമാനം എടുക്കുക. ഓരോരുത്തര്‍ക്കും സ്വന്തം നിലക്ക് തീരുമാനം എടുക്കാനുള്ള അവകാശമുണ്ട്. അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ പോയതോടെ അന്‍വറിന്റെ വിഷയമില്ല', എന്നായിരുന്നു മുരളീധരന്റെ പ്രതികരണം.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം മാറ്റിവെച്ചത് എഐസിസി ആസ്ഥാന മന്ദിര ഉദ്ഘാടനം ഉള്ളതുകൊണ്ടാണെന്നും മുരളീധരന്‍ വ്യക്തമാക്കി. നാളെ ഇന്ദിരാഭവനില്‍ ചേരാനിരുന്ന യോഗമാണ് മാറ്റിയതായി അറിയിച്ചത്. പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവിഷയം രാഷ്ട്രീയകാര്യസമിതിയില്‍ പ്രധാന ചര്‍ച്ചയാവുമെന്നായിരുന്നു വിവരം. അതിനിടെയാണ് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ത്തത്.

തദ്ദേശ തിരഞ്ഞെടുപ്പ് അജണ്ടയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയത്ത് 2026 ലെ തിരഞ്ഞെടുപ്പ് ചര്‍ച്ച ആക്കേണ്ടതില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ അജണ്ടയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്.

Content Highlights: Trinamool Congress will not be digested by Congress in Kerala K Muralidharan rejected P V Anwar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us