തിരുവനന്തപുരം: സീരിയല്‍ സെറ്റിലെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി. തിരുവല്ലം പൊലീസ് ഇതുവരെ അസീമിന്റെ മൊഴിയെടുക്കാന്‍ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസിന്റെ ശ്രമം. എന്നാല്‍ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും യുവതി പറഞ്ഞു.
ഇനി ഒരു സ്ത്രീക്കും ഇത് സംഭവിക്കാന്‍ പാടില്ലെന്നും യുവതി പറഞ്ഞു. മകന്റെ മൊഴിയെടുക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. സംഭവ സമയം മകന്‍ അവിടെയുണ്ടായിരുന്നില്ലെന്നും യുവതി പറഞ്ഞു. ഇക്കാര്യങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടി എഐജി ജി പൂങ്കുഴലിക്കും യുവതി പരാതി നല്‍കി. ആരോപണവിധേയനായ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസീമിന്റെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്.
അസീം സെറ്റില്‍ വച്ച് കടന്ന് പിടിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രണ്ട് മാസം മുന്‍പ് ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു സംഭവം നടന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവതി തിരുവല്ലം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും പൊലീസ് നടപടിയില്‍ അലംഭാവമുണ്ടെന്നാണ് യുവതി പറയുന്നത്.
Content Highlights- Woman slam thiruvallam police on sexual assault case