കോഴിക്കോട്: കേക്ക് വിവാദത്തിൽ വിശദീകരണവുമായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ്. വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് ഹമീദ് ഫൈസി വ്യക്തമാക്കിയിരിക്കുന്നത്. സാദിഖലി തങ്ങൾക്കോ ലീഗിനോ എതിരെ പറഞ്ഞിട്ടില്ല. സാദിക്കലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് കൂട്ടിച്ചേർത്തു. പ്രസംഗത്തിൽ ഇനി സൂക്ഷ്മത പുലർത്തുമെന്നും ഹമീദ് ഫൈസി വ്യക്തമാക്കി. സാദിഖലി തങ്ങൾ പുരോഹിതന്മാരെ കണ്ടതിൽ തെറ്റില്ലെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തു. സമസ്ത എന്നും മതേതര നിലപാടിനൊപ്പമാണെന്നും ഹമീദ് ഫൈസി വ്യക്തമാക്കി.
പിഎംഎ സലാമിനെതിരെയുള്ള വിമർശനങ്ങളിൽ മാറ്റമില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് വ്യക്തമാക്കി. പിഎംഎ സലാം സമസ്ത നേതാക്കളെ നിരന്തരം വിമർശിക്കുന്നുവെന്നും ജമാഅത്തെ ഇസ്‌ലാമി ആശയങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ഹമീദ് ഫൈസി കുറ്റപ്പെടുത്തി. നേരത്തെ കേക്ക് വിവാദത്തിൽ ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്തുവന്നിരുന്നു. താൻ ഉൾപ്പെട്ട കേസുകളിൽ നിന്ന് ഊരിപ്പോരാൻ ഇടതുമുന്നണി സഹായിക്കും എന്ന ധാരണയാണ് ചിലർക്ക്. അതിനായി മുസ്‌ലിം ലീഗ് നേതാക്കൾക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നു എന്നായിരുന്നു ഹമീദ് ഫൈസിയെ ലക്ഷ്യമിട്ടുള്ള പിഎംഎ സലാമിൻ്റെ വിമർശനം.
നേരത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിരുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനാണ് വിമർശനം. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുൽ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടിയിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.
Content Highlights: Abdul Hameed Faizy Ambalakadav reacts to the cake controversy