പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചവരെ സംബന്ധിച്ച വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പീഡിപ്പിച്ചവരില്‍ മൂന്ന് പേര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളും ക്രിമിനല്‍ കേസ് പ്രതികളും ഉള്‍പ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പിടിയിലായവരില്‍ ഒരാള്‍ അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതിയാണ്. മറ്റൊരാള്‍ ആഷിഖ് വധശ്രമക്കേസില്‍ കൂട്ടുപ്രതിയാണ്. അപ്പു എന്ന മറ്റൊരു പ്രതി മോഷണക്കേസില്‍ ഉള്‍പ്പെട്ടിരുന്നു. 2019 ല്‍ പെണ്‍കുട്ടിയുടെ കാമുകനായ സുബിന്‍ ആണ് ആദ്യം പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലും റോഡരികിലെ ഒരു ഷെഡ്ഡില്‍വെച്ചും സുബിന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട് ഇയാള്‍ പെണ്‍കുട്ടിയുടെ നമ്പര്‍ സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ഇവര്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിക്കുകയും ചെയ്തു. ഇതിന് ശേഷം സുബിന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും.
അറസ്റ്റിലായ എല്ലാ പ്രതികള്‍ക്കുമെതിരെ പോക്‌സോ വകുപ്പും പട്ടികജാതി പീഡനനിരോധന വകുപ്പും ചുമത്തും. സംഭവത്തില്‍ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട എസ്പിയോട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പതിമൂന്ന് വയസ് മുതല്‍ പീഡനത്തിനിരയായതായി കായികതാരമായ പെണ്‍കുട്ടി ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെ വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിക്ക് നിലവില്‍ പതിനെട്ട് വയസുണ്ട്. വിഷയം മഹിളാ സമഖ്യ സൊസൈറ്റി വഴി സിഡബ്ല്യുസിയിലെത്തി. ഇതിന് പിന്നാലെ സിഡബ്ല്യുസി സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു.
Content Highlights- pathanamthitta rape case more details out