ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെ കൂട്ടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസും ബിജെപിയും പിന്തുടരുന്നത് ഒരേ നയമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോൺഗ്രസ് കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നില്ല. അവർക്ക് ചോദ്യം ചെയ്യാനാകില്ല. കാരണം മോദി തുടരുന്നത് കോൺഗ്രസ് കൊണ്ടുവന്ന നയങ്ങളാണ്. അതായത് ഫലത്തിൽ ഇരുവരുടെയും നയം ഒന്നാണ്. അകറ്റിനിർത്തേണ്ട വർഗീയ ശക്തികളെ യുഡിഎഫ് കൂടെക്കുട്ടുകയാണ്. വർഗീയ ശക്തികൾക്ക് കേരളത്തിൽ അഴിഞ്ഞാടാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെ അഭിമാനത്തെ ചോദ്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരെ ആരുടെ ഭാഗത്ത് നിന്ന് തെറ്റായ പ്രവണത ഉണ്ടായാലും അവരെ നേരിടും. സ്ത്രീകളോട് നോക്കിലോ വാക്കിലോ തെറ്റായ രീതി പാടില്ല. ഭൂരിപക്ഷ വർഗീയതക്കെതിരെ ന്യൂനപക്ഷ വർഗീയത ശക്തിപ്പെടുന്നുണ്ട്. ഇത് ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. രണ്ടും ഒരുപോലെ അപടകരമാണ്. രണ്ടും ഇവിടെ വേണ്ടെന്നും ഇടതുപക്ഷം ഇതിനെ എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് നാല് വോട്ടിനായാണ് വർഗീയതയെ കൂട്ടുപിടിക്കുന്നത്. നേമത്ത് നിന്ന് ബിജെപി ജയിച്ചത് തൊട്ടടുത്ത മണ്ഡലത്തിലെ കോൺഗ്രസ് ധാരണ പ്രകാരമാണ്. അത് പൂട്ടിച്ചത് എൽഡിഎഫ് ആണ്. തൃശൂരിൽ ബിജെപി ജയിച്ചതും കോൺഗ്രസിന്റെ സഹായത്തോടെയാണ്. എൽഡിഎഫിന് 16000 വോട്ട് കൂടിയപ്പോൾ യുഡിഎഫിന് 85000 വോട്ട് നഷ്ടപ്പെട്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലും മുതിർന്ന നേതാവ് ജി സുധാകരൻ പങ്കെടുത്തില്ല. സമാപന സമ്മേളനത്തിൽ ക്ഷണിച്ചിരുന്നെങ്കിലും സുധാകരൻ വിട്ടുനിന്നു. 1975-ന് ശേഷം സുധാകരൻ പങ്കെടുക്കാത്ത ആദ്യ സമ്മേളനമാണിത്. ജില്ലയിലെ കഴിഞ്ഞ 18 സമ്മേളനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു സുധാകരൻ. ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മിൽ അതൃപ്തി പുകഞ്ഞിരുന്നു. നേരത്തെ, സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഇതിന് പിന്നാലെ സുധാകരനെ പാർട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു.
യു പ്രതിഭ എംഎൽഎ ഉൾപ്പെടെ നാല് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ആലപ്പുഴ ജില്ലാകമ്മറ്റി രൂപീകരിച്ചിരിക്കുന്നത്. തുടർച്ചയായി മൂന്നാം തവണയും ആർ നാസറിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ആർ നാസർ അനുകൂലികളായ മൂന്നുപേരുൾപ്പെടെ അഞ്ചുപേരെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.
Content Highlight: Pinarayi vijayan says Congress and BJP following the same ideologies while speaking at Alappuzha CPIM district meet