'കേക്ക് ഒരു ആഹാര രീതി, ഇതര മതസ്ഥരുടെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റ്'; പ്രതികരണവുമായി ഷാഫി ചാലിയം

'ഇസ്‌ലാമിനെ വ്യാഖ്യാനിക്കാന്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആരാണ്'

dot image

തിരുവനന്തപുരം: കേക്ക് വിവാദത്തില്‍ വിമര്‍ശകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം. കേക്ക് ഒരു ആഹാരരീതി മാത്രമാണെന്നും ഇതര മതസ്ഥരുടെ ചടങ്ങുകളില്‍ എല്ലാ മതസ്ഥരും പങ്കെടുക്കുന്നതില്‍ എന്താണ് തെറ്റെന്നും ഷാഫി ചാലിയം ചോദിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയുടെ 'ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടി'ലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ നരകത്തില്‍ പോകുമെന്ന് ആളുകളുടെ മനസില്‍ കുത്തിവയ്ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹമീദ് ഫൈസി അമ്പലക്കടവിനെതിരെയും ഷാഫി ചാലിയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇസ്‌ലാമിനെ വ്യാഖ്യാനിക്കാന്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആരാണെന്നും അദ്ദേഹം ചോദിച്ചു.

'കേക്കിന് എന്താണ് പ്രത്യേകതയുള്ളത്. ക്രിസ്ത്യന്‍ സമുദായവും കേക്കും തമ്മില്‍ എന്താണ് ബന്ധമുള്ളത്? ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കും കേക്കുമായി എന്ത് ബന്ധമാണോ ഉള്ളത് അത് തന്നെയാണ് ക്രിസ്ത്യാനികള്‍ക്കും ഉള്ളത്. കേക്ക് കഴിക്കുന്നതും ഓണത്തിന് സദ്യ ഉണ്ണുന്നതും ആഹാര രീതിയാണ്. നിലവിളക്കും പൂനൂലും പൊട്ടും എല്ലാം ആചാരത്തിന്റെ ഭാഗമാണ്. ഇവിടെ കേക്ക് കഴിച്ചതാണ് പ്രശ്‌നം. സാദിഖലി തങ്ങളെ വളരെ നിന്ദ്യമായ രീതിയില്‍, രാഷ്ട്രീയ ശത്രുക്കള്‍ പോലും പറയാത്ത രീതിയിലാണ് വിമര്‍ശിച്ചത്. അദ്ദേഹത്തെ ഇസ്‌ലാമില്‍ നിന്ന് പുറത്താക്കപ്പെട്ടയാളെന്ന് പോലും വിശേഷിപ്പിച്ചു. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന മതമൗലികവാദികളെയല്ല മതതീവ്രവാദികളെയാണ് സിപിഐഎം പ്രോത്സാഹിപ്പിക്കുന്നത്. ഇവരെല്ലാം സിപിഐഎമ്മുമായി ബന്ധമുള്ളവരാണ്. ഇവരെ സ്‌പോണ്‍സര്‍ ചെയ്യുന്നത് സിപിഐഎം ആണ്.' ഷാഫി ചാലിയം പറഞ്ഞു.

ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകള്‍ ഇല്ലാത്ത ശമ്പളം കള്ള ഒപ്പിട്ട് വാങ്ങിയെടുത്തു. ഇവരാണോ മതം പറയുന്നത്. പല വട്ടം മുഖ്യമന്ത്രിയെ കാണാന്‍ തിരുവനന്തപുരത്ത് പോയി. 1 കോടി രൂപയാണ് തട്ടിയെടുത്തത്. പിണറായി വിജയന്റെ അടുത്താണ് ആ ഫയലുള്ളത്. പിണറായിയുടെ ഫയലുള്ളത് മോദിയുടെ അടുത്തുമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുത്താല്‍ നരകത്തില്‍ പോകുമെന്ന് ആളുകളുടെ മനസില്‍ കുത്തിവയ്ക്കുകയാണ്. ക്രിസ്മസ് അടക്കം ഇതര മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് വളരെ വ്യക്തമായ കാഴ്ചപാടുണ്ട്. സന്തോഷത്തില്‍ പങ്കെടുക്കണമെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങളും കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുമടക്കം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ഇതാണ് വിവാദത്തിൽ കലാശിച്ചത്. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീ​ഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.

Content Highlight: Cake Row: Shafi Chaliyam slams Samastha

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us