സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം; ആർ നാസർ സെക്രട്ടറിയായി തുടർന്നേക്കും

പ്രതിനിധി സമ്മേളനത്തിന് ശേഷം വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

dot image

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പ്രതിനിധി സമ്മേളനം ഇന്ന് പുതിയ ജില്ലാ കമ്മിറ്റിയെയും ജില്ലാ സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. ജില്ലാ സെക്രട്ടറിയായി ആർ നാസർ തുടർന്നേക്കും. ചേർ‌ത്തല ഏരിയാ സെക്രട്ടറി ബി വിനോദ്, കായംകുളം ഏരിയാ സെക്രട്ടറി ബി അബിൻഷാ, ആലപ്പുഴ ഏരിയാ സെക്രട്ടറി അജയ് സുധീന്ദ്രൻ, ഹരിപ്പാട് ഏരിയാ സെക്രട്ടറി സി പ്രസാദ്, മാവേലിക്കര ഏരിയാ സെക്രട്ടറി ജി അജയകുമാർ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ശിവപ്രസാദ് തുടങ്ങിയവർ പുതിയതായി തിരഞ്ഞെടുക്കുന്ന ജില്ലാ കമ്മിറ്റിയിൽ ഇടം നേടിയേക്കുമെന്നാണ് സൂചന.

പ്രതിനിധി സമ്മേളനത്തിന് ശേഷം വൈകിട്ട് ഹരിപ്പാട് മാധവ ജംഗ്‌ഷനിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വിഭാ​ഗീയത ശക്തമായ ആലപ്പുഴയിൽ സംസ്ഥാന നേതൃത്വത്തിൻ്റെ കർശന നിരീക്ഷണത്തിലാണ് സമ്മേളന നടപടികൾ പുരോ​ഗമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഴുവൻ സമയവും പങ്കെടുക്കുന്ന സമ്മേളനം എന്ന പ്രത്യേകതയും ആലപ്പുഴ ജില്ലാ സമ്മേളനത്തിനുണ്ട്. തോമസ് കെ തോമസിനെതിരെ ഉയർന്ന വിമർശനത്തിൽ അടക്കം പിണറായി വിജയൻ സമ്മേളനത്തിൽ മറുപടി പറയുകയും ചെയ്തു. സഖ്യ കക്ഷികളെ തള്ളിപ്പറയുന്നത് മുന്നണി മര്യാദ അല്ലെന്നും ഇടതുപക്ഷത്തെ എല്ലാ ജനപ്രതിനിധികളെയും ഒന്നിച്ചു കാണണമെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞിരുന്നു.

എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനെ തള്ളിയായിരുന്നു സമ്മേളനത്തിൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. കുട്ടനാട്ടിൽ വിയർപ്പൊഴുക്കുന്നത് പാർട്ടിയാണ്. കുട്ടനാട് സീറ്റ് ഏറ്റെടുക്കേണ്ടത് പാർട്ടിയാണ്. തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നും ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചിരുന്നു.

നേരത്തെ തോമസ് കെ തോമസിനെതിരെ രൂക്ഷ വിമർശനമാണ് ജില്ലാ സമ്മേളനത്തിൽ ഉയർന്ന് വന്നത്. തെക്കും വടക്കും അറിയാത്തവനാണ് കുട്ടനാട് എംഎൽഎ എന്നായിരുന്നു ജില്ലാ സമ്മേളനത്തിൽ വിമർശനം ഉയർന്നത്. കരാറുകാരിൽ നിന്നും എംഎൽഎ പണം വാങ്ങുന്നു. കച്ചവടക്കാരനെ ഇനിയും താങ്ങരുതെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു. തോമസ് കെ തോമസിനെ മന്ത്രി ആക്കാതിരുന്നതിൽ സമ്മേളനത്തിൽ മുഖ്യമന്ത്രിക്ക് അഭിനന്ദനവും ഉയ‍ർന്നിരുന്നു.

സിപിഐക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയ‍ർന്നു. എൻസിപി മാത്രമല്ല സിപിഐയും ആളില്ലാത്ത പാർട്ടിയെന്നായിരുന്നു കുറ്റപ്പെടുത്തൽ. സിപിഐഎമ്മിൻ്റെ തണലിലാണ് സിപിഐ നിലനിൽക്കുന്നത്. കുട്ടനാട്ടിൽ അഭിപ്രായ ഭിന്നത ഉള്ളവരെ സിപിഐ അടർത്തിയെടുത്തുവെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തിയിരുന്നു.

പൊലീസ് നയത്തിനെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു. പൊലീസ് സഹായം സാധാരണക്കാരന് ലഭിക്കുന്നില്ല. ഒരു വിഭാഗം പൊലീസ് ആർഎസ്എസുമായി ബന്ധം സ്ഥാപിച്ചു പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉയ‍‌ർന്നുവന്ന വിമർ‌ശനം.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവിനെതിരെയും സമ്മേളനത്തിൽ രൂക്ഷവിമർശനം ഉയർന്നു. കയർ മേഖല പൂർണ്ണമായി നശിച്ചുവെന്നും കയർ മേഖലയെ സംരക്ഷിക്കാൻ വകുപ്പ് മന്ത്രി എന്താണ് ചെയ്തതെന്നും ചേർ‌ത്തല ഏരിയാ കമ്മിറ്റിയിൽ നിന്നും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. പാർട്ടിയുടെ അടിസ്ഥാന വോട്ടുകൾ കയർ മേഖലയിൽ നിന്നായിരുന്നു. കയർ തൊഴിലാളികളോട് പാർട്ടി എന്ത് വിശദീകരണം നൽകണമെന്നും ചോദ്യം ഉയ‌ർന്നു. മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം.

Content Highlights: CPIM Alappuzha District Conference concludes today

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us