കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ മുന്നറിയിപ്പുമായി മുസ്‌ലിം ലീഗ് സെക്രട്ടറി ഷാഫി ചാലിയം. അണികൾ കൈകാര്യം ചെയ്യുന്ന തരത്തിലേയ്ക്ക് കാര്യങ്ങൾ എത്തിക്കരുതെന്നാണ് മുന്നറിയിപ്പ്. സാദിഖലി തങ്ങളെ നിരന്തരം ആക്രമിക്കുന്നത് നോക്കി നിൽക്കാനാകില്ലെന്നും ഷാഫി ചാലിയം വ്യക്തമാക്കി. സാദിഖലി തങ്ങളെ ഉദ്ദേശിച്ച് തന്നെയാണ് ഹമീദ് ഫൈസിയുടെ പ്രതികരണമെന്നും ഷാഫി ചാലിയം പറഞ്ഞു. സിപിഐഎമ്മിൻ്റെ നാവായി ചില സമസ്ത നേതാക്കൾ സംസാരിക്കുന്നുവെന്നും ഇവർ സമസ്ത വേദിയെ ദുരുപയോഗം ചെയ്യുകയാണെന്നും ഷാഫി ചാലിയം കുറ്റപ്പെടുത്തി. ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളെ പൊതുസമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും ഷാഫി ചാലിയം കൂട്ടിച്ചേർത്തു.
കേക്ക് വിവാദത്തിൽ വിശദീകരണവുമായി സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗ നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് നേരത്തെ രംഗത്തെത്തിയിരുന്നു. വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് ഹമീദ് ഫൈസി വ്യക്തമാക്കിയത്. സാദിഖലി തങ്ങൾക്കോ ലീഗിനോ എതിരെ പറഞ്ഞിട്ടില്ല. സാദിഖലി തങ്ങളെ വിമർശിച്ചിട്ടില്ലെന്നും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞിരുന്നു. പ്രസംഗത്തിൽ ഇനി സൂക്ഷ്മത പുലർത്തുമെന്നും സാദിഖലി തങ്ങൾ പുരോഹിതന്മാരെ കണ്ടതിൽ തെറ്റില്ലെന്നും ഹമീദ് ഫൈസി കൂട്ടിച്ചേർത്തിരുന്നു. സമസ്ത എന്നും മതേതര നിലപാടിനൊപ്പമാണെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു.
നേരത്തെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ വിമർശനവുമായി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത് വന്നിരുന്നു. ക്രിസ്മസ് ആഘോഷങ്ങളിൽ തങ്ങൾ പങ്കെടുത്തതിനായിരുന്നു വിമർശനം. ഇതര മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കുന്നത് നിഷിദ്ധമാണെന്ന് അബ്ദുൽ ഹമീദ് ഫൈസി ചൂണ്ടിക്കാട്ടിയിരുന്നു. ലീഗിൻ്റെ മുൻ നേതാക്കൾ ഇത്തരം കാര്യങ്ങളിൽ മാതൃക കാണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നേരത്തെ ക്രിസ്മസ് ദിനത്തിൽ സാദിഖലി ശിഹാബ് തങ്ങൾ കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു. ബിഷപ്പ് വർഗീസ് ചക്കാലക്കലിനൊപ്പം സാദിഖലി തങ്ങൾ ക്രിസ്മസ് കേക്കും മുറിച്ചിരുന്നു. ക്രിസ്തീയ സമൂഹവുമായി എന്നും ഊഷ്മളമായ ബന്ധം നിലനിർത്തുമെന്ന് സന്ദർശനത്തിന് ശേഷം തങ്ങൾ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിൽ ആശംസകൾ അറിയിക്കാനായി തങ്ങൾ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നായിരുന്നു സന്ദർശനത്തോടുള്ള കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കലിൻ്റെ പ്രതികരണം. മുസ്‌ലിം ലീഗ് നേതാക്കളായ ഡോ. എം കെ മുനീർ എംഎൽഎ, ഉമർ പാണ്ടികശാല, പി ഇസ്മായിൽ, ടിപിഎം ജിഷാൻ, എൻ സി അബൂബക്കർ എന്നിവരും സാദിഖലി തങ്ങൾക്കൊപ്പം കോഴിക്കോട് മലാപ്പറമ്പിലെ ബിഷപ്പ് ഹൗസിൽ സന്ദർശനം നടത്തിയിരുന്നു.
Content Highlights: Shafi Chaliam warns Abdul Hameed Faizy Ambalakadavu