തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്. ഇത് സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറങ്ങി.
നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിട്ടുള്ളത്.കല്ലറ പൊളിക്കാനുള്ള നടപടി ക്രമങ്ങളിലേക്ക് ജില്ലാ ഭരണകൂടം കടന്നിരിക്കുകയാണ്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി. ഫോറൻസിക് സൈൻ്റിഫിക് ഓഫീസർ ലീന വി നായരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥർ എത്തിയത്. സംസ്‌കാരം നടത്തിയ ശേഷം മക്കൾ പതിച്ച പോസ്റ്ററിലൂടെയാണ് ഗോപന്റെ മരണവിവരം സമീപവാസികളും ബന്ധുക്കളുമറിഞ്ഞത്.
സംഭവത്തിൽ നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് കേസെടുത്തിരുന്നു. സംസ്‌കാരം നടന്ന സ്ഥലത്ത് കാവലും ഏർപ്പെടുത്തി. കൊലപാതകമാണോ എന്ന് നാട്ടുകാർ സംശം ഉയർത്തിയതോടെയാണ് കല്ലറ തുറക്കണമെന്ന ആവശ്യത്തിലേയ്ക്ക് പൊലീസ് എത്തിയത്.
ഗോപൻ സ്വാമി എന്ന് വിളിക്കുന്ന ഗോപൻ സമാധിയായെന്നാണ് കുടുംബം പറയുന്നതെങ്കിലും സംസ്കാരം നാട്ടുകാർ അറിയാതെയാണ് നടന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തുവെന്നാണ് കുടുംബാംഗങ്ങൾ പൊലീസിന് നൽകിയ മൊഴി. ബന്ധുകളുടെ മൊഴിയിൽ അടിമുടി വൈരുധ്യമുണ്ടായിരുന്നു.
Content Highlights: neyyattinkara gopan death case updates