ആലപ്പുഴ: ആൾത്താമസമില്ലാത്ത വീട്ടിൽക്കയറി സർവ്വതും മോഷ്ടിക്കും. മോഷണം നടത്തിയ വീട്ടിൽ തന്നെ ഉണ്ടും ഉറങ്ങിയും ഒരു സുഖവാസം. ഒടുവിൽ വ്യത്യസ്ത രീതിയിൽ മോഷണം നടത്തിയ പ്രതിക്ക് സർപ്രൈസ് കൊടുത്ത് കേരള പൊലീസ്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് മുംബൈ സ്വദേശിയായ അജയ് മെഹന്ത എന്ന അന്തർസംസ്ഥാന മോഷ്ടാവിനെ കഴിഞ്ഞദിവസം ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്. ആലപ്പുഴയിലാണ് സംഭവം.ഗാഢനിദ്രയിലായിരുന്ന യുവാവ് ഉറക്കമെഴുന്നേറ്റപ്പോൾ കണി കണ്ടത് തന്റെ ചുറ്റും കൂടിനിന്ന വൻ പൊലീസ് സംഘത്തെ.!. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് സംഘം പ്രതിയെ ഓടിച്ചിട്ടുപിടിച്ചു. നിരവധി മോഷണക്കേസുകളാണ് ഇതോടെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ കുറച്ചുനാളുകളായി മുംബൈ സ്വദേശിയായ അജയ് മെഹന്ത കേരളത്തിലുണ്ട്. ആലപ്പുഴ നഗരസഭാ പരിസരത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ സുഖമായി മോഷണം നടത്തി ജീവിക്കുകയായിരുന്നു മോഷ്ടാവ്. വീട്ടുടമസ്ഥന്റെ സഹോദരൻ ചെടി നനയ്ക്കാനായി എത്തിയപ്പോൾ ആളനക്കം ശ്രദ്ധയിൽ പെടുകയും ഉടൻ തന്നെ പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തികച്ചും അപ്രതീക്ഷിതമായാണ് അജയ് പോലീസ് പിടിയിലായത്. പരാതിപ്രകാരം വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് സുഖലോലുപനായി കിടന്നുറങ്ങുന്ന മോഷ്ടാവ് അജയ് മെഹന്തയെ! ഞെട്ടിയുണർന്ന മോഷ്ടാവ് കണ്ടത്, ചുറ്റുംനിൽക്കുന്ന പൊലീസിനെയാണ്. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെടുകയായിരുന്നു.
ഇയാളുടെ ബാഗിൽ നിന്നും ഇരുമ്പും തടിയും മറ്റും മുറിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കൊടുവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളും പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി താൻ മോഷ്ടാവാണെന്ന് സമ്മതിക്കുകയായിരുന്നു. തെളിവെടുപ്പിൽ വിവിധയിടങ്ങളിൽ കുഴിച്ചിട്ടിരുന്ന മോഷണമുതലുകൾ പൊലീസ് കണ്ടെടുത്തു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമ്പോൾ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ. വരും ദിവസങ്ങളിൽ കൂടുതൽ മോഷണക്കേസുകൾ തെളിയുമെന്ന നിഗമനത്തിലാണ് പൊലീസ്
Content Highlights: Not even a fly knew! Thief lives in the same house he stole from, police chase him down and catch him