'അൻവർ പറഞ്ഞത് പച്ചക്കള്ളം, പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചന'; പി ശശി

നുണ പറഞ്ഞും നുണ പ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമ ദയനീയമായ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത്

dot image

തിരുവനന്തപുരം: പി വി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പി ശശി വ്യക്തമാക്കി. വാർത്താക്കുറിപ്പിലൂടെയായിരുന്നു പി ശശിയുടെ പ്രതികരണം.

പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. നിലനിൽപിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തൻറെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് അൻവർ ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.

നുണ പറഞ്ഞും നുണ പ്രചരിപ്പിച്ചും മാത്രം നിലനിൽക്കാൻ കഴിയുന്ന പരമ ദയനീയമായ അവസ്ഥയിലാണ് അൻവർ എത്തിയിരിക്കുന്നത്. ഇതിനുമുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അൻവർ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തു. പ്രസ്തുത കേസിൽ അൻവറിനോട് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചിട്ടുമുണ്ടെന്ന് പി ശശി ചൂണ്ടിക്കാണിച്ചു.

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന് പോലും തെളിയിക്കാൻ കഴിയത്തതിൻറെ ജാള്യതയിലും വീണ്ടും വീണ്ടും ആരോപണങ്ങൾ ഉന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് പി വി അൻവറെന്നും പി ശശി കുറ്റപ്പെടുത്തി. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ച് അൻവർ നടത്തുന്ന ഹീനമായ നീക്കങ്ങൾ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അൻവറിൻറെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പി ശശി അറിയിച്ചു.

Content Highlights: P sasi will move legally against P V Anvar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us