മുഖ്യമന്ത്രി അറിയാതെ എംഎല്‍എയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല; അൻവറിൻ്റെ മാപ്പ് സ്വീകരിക്കുന്നതായി വി ഡി സതീശൻ

പിന്നില്‍ സിപിഐഎം ഉന്നതരാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നുവെന്നും വി ഡി സതീശന്‍

dot image

കല്‍പറ്റ: പി വി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അന്‍വറിന് മുന്നില്‍ വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയാണ് അന്‍വര്‍ തെറ്റായ ആരോപണം ഉന്നയിച്ചതെന്ന് അന്നേ പറഞ്ഞു. അപ്പോള്‍ അവരെല്ലാം ചിരിച്ചു. മുഖ്യമന്ത്രി അറിയാതെ എംഎല്‍എയ്ക്ക് ആരോപണം ഉന്നയിക്കാനാകില്ല. നിങ്ങളെ ഓര്‍ത്ത് കരയണോ ചിരിക്കണോ എന്നാണ് അന്ന് താന്‍ ചോദിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

അന്നത്തെ ആരോപണം മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിലെ ഉപജാപകസംഘത്തിന്റെയും ഗൂഢാലോചനയാണെന്ന് അന്‍വറിന്റെ വെളിപ്പെടുത്തലോടെ വ്യക്തമായി. മുഖ്യമന്ത്രിക്കെതിരായ ആരോപണത്തെ പ്രതിരോധിക്കാന്‍ പ്രതിപക്ഷ നേതാവിനെതിരെ ആരോപണം കെട്ടിച്ചമയ്ക്കുകയായിരുന്നു. പിന്നില്‍ സിപിഐഎം ഉന്നതരാണെന്ന് അന്നുതന്നെ പറഞ്ഞിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

വി ഡി സതീശനെതിരായ 150 കോടിയുടെ അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ നിര്‍ദേശ പ്രകാരമാണെന്നായിരുന്നു പി വി അന്‍വറിന്റെ വെളിപ്പെടുത്തല്‍

'പാപഭാരങ്ങള്‍ ചുമന്നാണ് ഞാന്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും നിരവധി ആരോപണങ്ങള്‍ മാത്യു കുഴല്‍നാടന്‍ ഉള്‍പ്പെടെയുള്ളവര്‍ കൊണ്ടുവന്നിരുന്നു. അതില്‍ പ്രതിപക്ഷത്തോട് വിദ്വേഷം ഉണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയാണ് സതീശനെതിരെ ആരോപണം ഉന്നയിക്കാന്‍ പറയുന്നത്. 150 കോടിയുടെ അഴിമതി സതീശന്‍ നടത്തിയെന്ന് എംഎല്‍എ സഭയില്‍ ഉന്നയിക്കണമെന്ന് പറഞ്ഞു. എനിക്കും ആവേശം വന്നു. പിതാവിനെ പോലെ സ്നേഹിച്ച വ്യക്തിയെ ആക്രമിക്കുന്നതില്‍ എനിക്ക് അമര്‍ഷം ഉണ്ടായിരുന്നു. അങ്ങനെയാണ് വി ഡി സതീശനെതിരെ ആരോപണം ഉന്നയിക്കുന്നത്. സ്പീക്കറുടെ അനുമതിയോടെയാണ് ഉന്നയിക്കുന്നത്', എന്നായിരുന്നു പി വി അന്‍വര്‍ പറഞ്ഞത്.

പി ശശി അന്ന് മുതല്‍ തന്നെ ലോക്ക് ചെയ്യാന്‍ ശ്രമം തുടങ്ങിയിരുന്നുവെന്നും പ്രതിപക്ഷ നേതാവിനുണ്ടായ മാനഹാനിക്ക് കേരളത്തിലെ ജനതയോട് ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് മാപ്പ് സ്വീകരിക്കണമെന്നും അന്‍വര്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

Content Highlights: V D Satheesan Reaction Over P V Anvar Apology

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us