നെയ്യാറ്റിൻകര സമാധി കേസ്; വീട്ടിലേക്ക് വന്ന രണ്ട് പേർ ആര്? അന്വേഷണം നടത്താൻ പൊലീസ്

വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി

dot image

തിരുവനന്തപുരം: നെയ്യാറ്റിൻകര സമാധി കേസിൽ ദുരൂഹത സംശയിച്ച് പൊലീസ്. ഗോപൻ സ്വാമി മരിച്ച ദിവസം രണ്ടുപേർ വീട്ടിൽ വന്നിരുന്നുവെന്ന മക്കളുടെ മൊഴി കണക്കിലെടുത്ത് പൊലീസ് അന്വേഷണം നടത്തും.

വീട്ടിലേക്ക് വന്നുവെന്ന് മക്കൾ പറഞ്ഞ രണ്ടുപേരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. നെയ്യാറ്റിൻകര പ്ലാവില സ്വദേശികളാണ് വീട്ടിലെത്തിയതെന്നായിരുന്നു മൊഴി. കുടുംബാംഗങ്ങൾ അല്ലാതെ മറ്റാരും വീട്ടിൽ ഇല്ലായിരുന്നുവെന്നാണ് ഇതുവരെ മക്കൾ പറഞ്ഞിരുന്നത്. എന്നാൽ രണ്ടുപേർ രാവിലെ വന്ന് ഗോപൻ മരിക്കുന്നതിന് മുമ്പ് തിരിച്ചുപോയി എന്നാണ് ഒരു മകൻ മൊഴി നൽകിയിരിക്കുന്നത്. മക്കളുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട് എന്നാണ് പൊലീസ് നിഗമനം.

കഴിഞ്ഞ ദിവസം ഗോപൻ സ്വാമിയെ അടക്കിയ കല്ലറ പൊളിക്കാനുള്ള തീരുമാനം കനത്ത പ്രതിഷേധം മൂലം ഉദ്യോഗസ്ഥർക്ക് നിർത്തിവെക്കേണ്ടിവന്നിരുന്നു. ഇന്ന് പുതിയ തിയതി തീരുമാനിക്കും. സ്ഥലത്തെ ക്രമ സമാധാന പ്രശ്നങ്ങൾ മനസ്സിലാക്കി പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കൂടി സംസാരിച്ച ശേഷമാവും ഇനി തിയതി നിശ്ചയിക്കുക.

പലരും വിഷയം മതപരമായ രീതിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിൻ്റെ നിയമ വശങ്ങൾ കുടുംബത്തോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. പൊലീസ് റിപ്പോർട്ട് കൂടി വന്നതിന് ശേഷമാവും തീരുമാനം എടുക്കുക. ഏതൊരു സ്ഥലത്തും അസ്വാഭിക മരണം റിപ്പോർട്ട് ചെയ്‌താൽ എടുക്കുന്ന തീരുമാനങ്ങൾ തന്നെയാണ് ഇവിടെയും എടുത്തിട്ടുള്ളതെന്നും സബ് കളക്ടർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കല്ലറ പൊളിക്കാൻ തീരുമാനമായതോടെ തിങ്കളാഴ്ച നാട്ടുകാരും ഹൈന്ദവ സംഘടനാ പ്രവർത്തകരും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. ഇരു വിഭാഗത്തെയും പൊലീസ് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇരുവിഭാഗങ്ങളും തമ്മിൽ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കല്ലറ പൊളിക്കാനായി നോട്ടീസ് നൽകിയിട്ടില്ലെന്നും, കുടുംബത്തിന്റെ കൈവശമുള്ള, പൂജകൾ ചെയ്യുന്ന സ്ഥലമായതിനാൽ കല്ലറ പൊളിക്കാനായി സാധിക്കില്ലെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.

Content Highlights: Police suspect foul play in neyyattinkara samadhy case

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us