തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് അഭ്യര്‍ത്ഥിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. കാണാതായവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നല്‍കുന്നതിന്റെ ഭാഗമായാണ് ശുപാര്‍ശകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവായിരിക്കുന്നത്. ഇതിനായി പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാണാതായവരെ സംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്‌ഐആറില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം. ഇത് പരിശോധിച്ച് കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് വ്യക്തമാക്കുന്ന പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കണം. ഇതിനായി വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഉള്‍പ്പെട്ട പ്രാദേശിക സമിതികള്‍ രൂപവത്കരിക്കണം, സമിതി തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പരിശോധിച്ച് വ്യക്തമായ ശുപാര്‍ശ സഹിതം സംസ്ഥാന സമിതിക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംസ്ഥാന സമിതി റിപ്പോര്‍ട്ടിന്റെ സൂഷ്മ പരിശോധന നടത്തും.
സംസ്ഥാന സമിതിയില്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയം ബരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് ഉള്‍പ്പെടുന്നത്. സംസ്ഥാന സമിതിയുടെ സൂഷ്മപരിശോധനയ്ക്ക് ശേഷം റിപ്പേര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
Content Highlights: Wayanad Landslide missing man will be treated as dead and funded