തിരുവനന്തപുരം: വനം നിയമഭേദഗതി ബില്ലിൽ സർക്കാർ ജനങ്ങളോട് യുദ്ധ്ര പ്രഖ്യാപനത്തിനില്ലായെന്ന് വനം വകുപ്പ് മന്ത്രി കെ ശശീന്ദ്രൻ. കർഷക വിരുദ്ധ നിലപാടുള്ള ഗവർമെൻ്റാണ് ഇപ്പോഴുള്ളതെന്ന് വരുത്തി തീർക്കാൻ ഗൂഢാലോചന നടന്നു. പ്രക്ഷോഭത്തിന് വന്നവർ സദുദ്ദേശമുള്ളവരല്ല. ഇപ്പോൾ ഈ നിയമം ആവശ്യമില്ല. അത് ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകും. കുറ്റമറ്റ രീതിയിൽ ഇത് നടപ്പിലാക്കും. സർക്കാർ കർഷകരോടൊപ്പം നിൽക്കുമെന്നും വനം നിയമഭേദഗതിയിൽ പൊതു സമൂഹത്തിൻ്റെ അഭിപ്രായങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുമെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.
നിയമം പിൻവലിച്ചത് കേരള കോൺഗ്രസിന് മൈലേജ് നൽകുമെന്നതിൽ ഉത്കണ്ഠ ഇല്ലായെന്നും മലയോര കർഷകരെ സർക്കാരിനെതിരാക്കാൻ ശ്രമം നടക്കുന്നുവെന്നും എകെ ശശീന്ദ്രൻ കൂട്ടിചേർത്തു.
വനനിയമ ഭേദഗതി ഉപേക്ഷിച്ചുവെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ വനനിയമ ഭേദഗതിയുമായി മുന്നോട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഭേദഗതിയുമായി ബന്ധപ്പെട്ട് പൊതുജനത്തിന് ഏറെ ആശങ്കയുണ്ട്. ഇപ്പോഴത്തെ ഭേദഗതി നിർദേശങ്ങൾ 2013 ൽ വന്നതാണ്. യുഡിഎഫ് സർക്കാരാണ് അന്ന് അധികാരത്തിലുണ്ടായിരുന്നത്. വനത്തിലേക്ക് മനഃപൂർവം കടന്നുകയറുക, വനത്തിനുളളിൽ വാഹനം നിർത്തുക എന്നതാണ് ഈ ഭേദഗതി. അതിന്റെ തുടർനടപടികളാണ് ഇപ്പോഴുണ്ടായത്. ജനങ്ങളുടെ ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോവാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏതെങ്കിലും വകുപ്പിൽ നിക്ഷിപ്തമായ അധികാരം ദുർവിനിയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന ആശങ്കകളെ സർക്കാർ ഗൗരവത്തിലെടുക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കർഷകർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കുമെതിരെ ഒരു നിയമവും സർക്കാർ ലക്ഷ്യമിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Latest News- AK Saseendran about Forest Law