പാലക്കാട്: പാലക്കാട്ടെ മുൻ കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിനെ നേരിൽകണ്ട് നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. കോൺഗ്രസ് വിട്ട് ഇപ്പോൾ സ്വതന്ത്രനായി നിൽക്കുന്ന ഗോപിനാഥിനെ അൻവർ കണ്ടത് പുതിയ രാഷ്ട്രീയ നീക്കത്തിൻ്റെ ഭാഗമായാണ് വിലയിരുത്തൽ. എന്നാൽ അൻവറിൻ്റെ നീക്കത്തോട് എ വി ഗോപിനാഥ് അനുകൂലമായല്ല പ്രതികരിച്ചതെന്നാണ് വിവരം.
ഒന്നിച്ച് നില്‍ക്കണമെന്നാണ് അൻവർ ഗോപിനാഥിനോട് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് വീട്ടിലെത്തിയാണ് അന്‍വര്‍ ഗോപിനാഥിനെ കണ്ടത്. ഭാവിയില്‍ യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്ന് അന്‍വറിൻ്റെ സംസാരത്തില്‍ നിന്ന് ബോധ്യമായതായി ഗോപിനാഥ് പറഞ്ഞു. എന്നാൽ യുഡിഎഫിനൊപ്പം നിൽക്കാൻ താല്പര്യമില്ലെന്നും ജനകീയ വികസന മുന്നണിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും അൻവറിനെ അറിയിച്ചെന്ന് ഗോപിനാഥ് പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷം പലതവണയായി എൽഡിഎഫിന് പരസ്യ പിന്തുണ നൽകിയ നേതാവായിരുന്നു എ വി ഗോപിനാഥ്.
സ്വന്തം പാർട്ടികളുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളുമായി അൻവർ കൂടിക്കാഴ്ച നടത്താറുണ്ട്. ഇത്തരത്തിൽ സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന സിപിഐഎം നേതാവും മുന്‍ എംഎല്‍എയുമായ എസ് രാജേന്ദ്രനുമായും അൻവർ ജനുവരി ആദ്യവാരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇടതു വിമതരെ ഒപ്പം ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ)യ്ക്ക് ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മിറ്റി രൂപീകരിച്ചുവെന്നും വിവരങ്ങൾ ഉണ്ടായിരുന്നു.
എംഎൽഎ സ്ഥാനം രാജിവെച്ചതിന് പിന്നാലെ അൻവറിനെ തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറായി പ്രഖ്യാപിച്ചിരുന്നു. എംഎൽഎ സ്ഥാനം രാജിവെച്ചു കൊണ്ട് നിലമ്പൂരിൽ മത്സരിക്കില്ലെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. നിലമ്പൂരിൽ കോൺഗ്രസിനെ പിന്തുണയ്ക്കും എന്നായിരുന്നു അൻവറിൻ്റെ പ്രഖ്യാപനം. വി ജോയിയെ കോൺഗ്രസ് നിലമ്പൂരിൽ മത്സരിപ്പിക്കണമെന്നും പി വി അൻവർ ആവശ്യപ്പെട്ടിരുന്നു. നേരത്തെ ചേലക്കര ഉപതിരഞ്ഞെടുപ്പിൽ അൻവർ സ്വന്തം സ്ഥാനാർത്ഥിയെ മത്സരരംഗത്ത് ഉറക്കിയിരുന്നു.
Content Highlights: PV Anvar meets AV Gopinath