തിരുവനന്തപുരം: നെടുമങ്ങാട് അപകടത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്ത് ജോയിൻ്റ് ആർടിഒ. വാഹനത്തിൻ്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റും റദ്ദാക്കി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ അലംഭാവമാണ് വാഹനാപകടത്തിലേക്ക് നയിച്ചതെന്ന് ജോയിന്റ് ആർടിഒ ശരത് ചന്ദ്രൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.
ബസ് അമിത വേഗതയിലായിരുന്നുവെന്നും ശരത് ചന്ദ്രൻ പറഞ്ഞിരുന്നു. ടൂറിസ്റ്റ് ബസ് സ്ഥിരം നിയമലംഘനം നടത്തുന്ന ബസ് ആണെന്ന് മോട്ടോർ വാഹനവകുപ്പും വ്യക്തമാക്കിയിരുന്നു. അമിത വേഗത കാരണം വ്യാഴാഴ്ച ബസിനെ ആർടിഒ പിടികൂടുകയും 2000 രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. കൊല്ലം ആർടിഒ ആണ് നടപടി സ്വീകരിച്ചത്. അതിന് തൊട്ടടുത്ത ദിവസമാണ് നെടുമങ്ങാട് ഒരാൾ മരിക്കാനിടയായ അപകടം ഉണ്ടായത്. ജനുവരി ഒൻപതാം തീയതി ഉയർന്ന ശബ്ദത്തിൽ പാട്ട് വെച്ച് അമിതവേഗതയിൽ യാത്ര നടത്തിയതിനും തിരുവനന്തപുരം ആർടിഒ പിഴ ഈടാക്കിയിരുന്നു. നിയമലംഘനത്തിന്റെ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.
വെള്ളിയാഴ്ച രാത്രി നെടുമങ്ങാട് വെച്ചുണ്ടായ അപകടത്തിൽ ബസിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒറ്റശേഖരമംഗലം സ്വദേശി അരുൾ ദാസ് ആണ് കസ്റ്റഡിയിലുള്ളത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു. അപകടത്തിൽ 60 വയസുള്ള ദാസിനിയാണ് മരിച്ചത്.
ആംബുലൻസിനെ കണ്ട് പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകൾ ആണ് ടൂർ പോയത്. പെരുങ്കടവിള, കീഴാറൂർ, കാവല്ലൂർ പ്രദേശത്തെ ആളുകളാണ് ഇതിൽ കൂടുതൽ ഉണ്ടായിരുന്നത്.
Content Highlights: driver's license suspended in nedumangad bus accident case