കൊച്ചി: കൂട്ടാത്തുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ കടത്തികൊണ്ടുപോകുന്നതിന് മുമ്പ് വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിച്ചുവെന്ന് എഫ്‌ഐആര്‍. ദേഹോപദ്രവം ഏല്‍പ്പിച്ച ശേഷം കാറില്‍ തട്ടികൊണ്ടുപോയെന്നാണ് എഫ്‌ഐആറിലുള്ളത്. പകര്‍പ്പ് റിപ്പോര്‍ട്ടര്‍ ടി വിക്ക് ലഭിച്ചു.
സംഭവത്തില്‍ സിപിഐഎം കൂത്താട്ടുകുളം ഏരിയാസെക്രട്ടറി പി ബി രതീഷ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ വിജയ ശിവന്‍, വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസ്, കൗണ്‍സിലര്‍ സുമ വിശ്വംഭരന്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ഫെബീഷ് ജോര്‍ജ് എന്നിവര്‍ക്കും കണ്ടാല്‍ അറിയാത്ത 45 പേര്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. തട്ടികൊണ്ടുപോകല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. കലാ രാജുവിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അവിശ്വാസ പ്രമേയം ചര്‍ച്ചയ്ക്ക് എടുക്കുന്ന വേളയിലാണ് സിപിഐഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയത്. യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നാണ് ആരോപണം. അവിശ്വാസ പ്രമേയ ചര്‍ച്ചയുടെ സമയം കഴിഞ്ഞപ്പോള്‍ കലാ രാജുവടക്കം എല്ലാവരും വീട്ടില്‍ പോയെന്നും ആരും ആരെയും തട്ടിക്കൊണ്ടുപോയില്ലെന്നുമായിരുന്നു നഗരസഭ വൈസ് ചെയര്‍മാന്‍ സണ്ണി കുര്യാക്കോസിന്റെ പ്രതികരണം.
Content Highlights: Kala raju was dragged from the vehicle and beaten up FIR Out