'കമാല്‍ പാഷയുടെ ഭാഷ മാന്യമല്ല'; 'കടല്‍ കിഴവന്‍മാര്‍' പ്രയോഗത്തിനെതിരെ മുസ്തഫ മുണ്ടുപാറ

മെക് 7 വ്യായാമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ-പുരുഷ ഇടപഴകല്‍ മതവിരുദ്ധമാണെന്ന് കാന്തപുരം വിഭാഗത്തിൻ്റെ മുശാവറ അഭിപ്രായപ്പെട്ടിരുന്നു

dot image

കോഴിക്കോട്: കാന്തപുരം എ പി അബൂബക്കല്‍ മുസ്ല്യാര്‍ക്കെതിരായ റിട്ട. ജഡ്ജി കമാല്‍ പാഷയുടെ 'കടല്‍കിഴവന്മാര്‍' പ്രയോഗത്തിനെതിരെ എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ രംഗത്ത്. മാന്യമല്ലാത്ത ഭാഷയാണ് കമാല്‍ പാഷ നടത്തിയതെന്നും അനുയായികളെ മതവിശ്വാസത്തിന് അനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ട അവകാശം പണ്ഡിത നേതൃത്വത്തിന് ഉണ്ടെന്ന് മുസ്തഫ മുണ്ടുപാറ പറഞ്ഞു. മെക് 7 വ്യായാമവുമായി ബന്ധപ്പെട്ടുള്ള സ്ത്രീ-പുരുഷ ഇടപഴകല്‍ മതവിരുദ്ധമാണെന്ന് കാന്തപുരം വിഭാഗത്തിൻ്റെ മുശാവറ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

'മതവിശ്വാസമനുസരിച്ച് ജീവിക്കാന്‍ ഭരണഘടനാപരമായി അവകാശമുള്ള നാടാണ് ഇന്ത്യ. വിശ്വാസികളുടെ പണ്ഡിതനേതൃത്വം അതാത് സന്ദര്‍ഭങ്ങളില്‍ പ്രസ്ഥാനത്തിലെ അനുയായികളെ മതവിശ്വാസമനുസരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത തെര്യപ്പെടുത്താറുണ്ട്. അതിനുള്ള അവകാശവും പണ്ഡിത നേതൃത്വത്തിനുണ്ട്. സൗകര്യമുള്ളവര്‍ക്ക് സ്വീകരിക്കാം. അല്ലാത്തവര്‍ക്ക് തിരസ്‌കരിക്കാം. ഇക്കാര്യം റിട്ടയേഡ് ജഡ്ജി കമാല്‍ പാഷയെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് ഖേദകരമാണ്. അദ്ദേഹം ഉപയോഗിച്ച ഭാഷ ഒട്ടും മാന്യമായില്ല. പണ്ഡിതന്‍മാരെ 'കടല്‍ കിഴവന്‍മാരെ' ന്നു വിളിച്ചത് അശ്ലീലമാണ്. ആ പദം അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ല. ശക്തമായി പ്രതിഷേധിക്കുന്നു', എന്നാണ് മുസ്തഫ മുണ്ടുപാറ വ്യക്തമാക്കിയത്.

സമസ്ത എല്ലാ മുസ്ലീങ്ങളുടേയും വക്കാലത്ത് ഏറ്റെടുക്കേണ്ടതില്ല. അതിനകത്ത് കുറേ കടല്‍കിഴവന്മാര്‍ ഉള്ളതുകൊണ്ട് ഇങ്ങനെയൊക്കെ വിളിച്ചുപറയുന്നതെന്നായിരുന്നു കമാല്‍ പാഷയുടെ പരാമര്‍ശം. അവരൊന്നും ഇന്നത്തെ കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടല്ല ഇതൊന്നും പറയുന്നത്. ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയുന്നത് നാണക്കേടല്ലേ. മുസ്ലീം സമുദായത്തിന് തന്നെ ആക്ഷേപം ഉണ്ടാക്കുന്ന താലിബാന്‍ മോഡലിലേക്ക് പോവുകയാണ്. ഇവന്മാരാണ് ഇതൊക്കെ പറയാന്‍. സ്ത്രീകള്‍ പോയാല്‍ മൂക്കില്‍ കയറ്റി കളയുമോ എന്നും കമാല്‍ പാഷ പറഞ്ഞിരുന്നു.

മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്നായിരുന്നു സുന്നി കാന്തപുരം വിഭാഗം മുശാവറ അഭിപ്രായപ്പെട്ടത്. പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും സുന്നി വിശ്വാസികള്‍ ജാഗ്രതപാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കിയിരുന്നു.

മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 എന്ന വ്യായാമ കൂട്ടായ്മക്കെതിരെ സിപിഐഎമ്മും സമസ്ത എപി വിഭാഗവും നേരത്തേ രംഗത്തെത്തിയിരുന്നു. വ്യായാമ കൂട്ടായ്മക്ക് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയാണെന്നും സുന്നി വിശ്വാസികള്‍ അതില്‍ പെട്ടു പോകരുതെന്നും നേരത്തെ സമസ്ത എപി വിഭാഗം നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെതിരെയാണ് കമാല്‍ പാഷ രംഗത്തെത്തിയത്.

Content Highlights: Musthafa Mundupara against kemal pasha justice

dot image
To advertise here,contact us
dot image