തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ച രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി. ഇന്ന് വൈകിട്ടോടെയാണ് അനുശാന്തി പുറത്തിറങ്ങിയത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുംവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതിയായിരുന്നു അനുശാന്തിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു.
കാഴ്ചയ്ക്ക് തകരാറുണ്ടെന്നും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു അനുശാന്തിയുടെ ആവശ്യം. നേരത്തേ കണ്ണിന്റെ ചികിത്സയ്ക്കായി അനുശാന്തിക്ക് സുപ്രീംകോടതി രണ്ട് മാസത്തെ പരോള്‍ അനുവദിച്ചിരുന്നു.
2014ലായിരുന്നു കേരളത്തെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം നടന്നത്. അനുശാന്തിയുടെ ഭർതൃമാതാവ് ഓമന, നാല് വയസുകാരിയായ മകള്‍ സ്വാസ്തിക എന്നിവരായിരുന്നു അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ടെക്‌നോപാര്‍ക്കില്‍ അനുശാന്തിയുടെ സഹപ്രവര്‍ത്തകനായിരുന്ന നിനോ മാത്യുവായിരുന്നു വീട്ടില്‍ അതിക്രമിച്ച് കയറി ഇരുവരേയും കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തതിലടക്കം അനുശാന്തിക്ക് പങ്കുണ്ടായിരുന്നു.
കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിക്ക് ഇരട്ടജീവപര്യന്തവുമാണ് വിധിച്ചത്. ഒന്നാം പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി പിന്നീട് ഇളവ് ചെയ്തിരുന്നു. പരോളില്ലാതെ 25 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയെന്ന് വ്യക്തമാക്കിയായിരുന്നു കോടതി വധശിക്ഷ ഇളവ് ചെയ്തത്. എന്നാല്‍ അനുശാന്തിയുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചിരുന്നു.
Content Highlights- attingal twin murder case accused anushanthi released from jail after get bail