പാലക്കാട് : സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിന് ഇന്ന് കൊടി ഉയരും. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും, സ്വാഗതസംഘം ചെയർമാനുമായ സികെ രാജേന്ദ്രൻ പതാക ഉയർത്തും. സിപിഐഎം ജില്ലാ സമ്മേളനം 21, 22, 23 തീയതികളിൽ ചിറ്റൂരിലാണ് നടക്കുന്നത്. ചിറ്റൂരിൽ ആദ്യമായാണ് ജില്ലാ സമ്മേളനം നടക്കുന്നത്. പതാക, കൊടിമര, ദീപശിഖാ ജാഥകൾ ഇന്ന് വൈകിട്ടോടെ ചിറ്റൂർ തത്തമംഗലത്തെ പൊതുസമ്മേളന നഗരിയിൽ എത്തിച്ചേരും. അത്‌ലറ്റുകളുടെ അകമ്പടിയോടെയാണ് ജാഥകൾ പൊതുസമ്മേളന നഗരിയിൽ സംഗമിക്കുന്നത്. തത്തമംഗലം രാജീവ്‌ഗാന്ധി കൺവൻഷൻ സെന്ററിൽ 21ന് രാവിലെ പത്തിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സമ്മേളന സമാപനമായി 23നു വൈകിട്ട് 5ന് മേട്ടുപ്പാളയത്തു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ കെ ബാലൻ, പി കെ ശ്രീമതി, കെ കെ ശൈലജ, എളമരം കരീം, കെ.രാധാകൃഷ്‌ണൻ എംപി, സി എസ് സുജാത, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.പി രാമകൃഷ്ണൻ, കെ കെ ജയചന്ദ്രൻ, ആനാവൂർ നാഗപ്പൻ, പുത്തലത്ത് ദിനേശൻ, പി കെ ബിജു, എം സ്വരാജ് തുടങ്ങിയ നേതാക്കളും പങ്കെടുക്കും. 21, 22 തീയതികളിൽ പൊതുസമ്മേളന നഗരിയിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ജില്ലാസമ്മേളനത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകളും പ്രവർത്തനം പുരോഗതിയും മുന്നേറ്റവും വിശദമായി ചർച്ചചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു അറിയിച്ചു.
Content Highlights: CPIM Palakkad district conference