കാസര്‍കോഡ്: ചീമേനിയിലെ നിര്‍ദിഷ്ട ആണവ നിലയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിന് തുറന്ന കത്തുമായി എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ കെ സഹദേവന്‍. ആണവ നിലയവുമായി ബന്ധപ്പെട്ട ഇടതുപക്ഷത്തിന്റെ ദേശീയ നയങ്ങളും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ നീക്കങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് കെ സഹദേവന്‍ തന്റെ തുറന്ന കത്തിലൂടെ വിശദീകരിക്കുന്നു.
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജേയ്താപ്പൂര്‍ ആണവ നിലയ പദ്ധതിക്കെതിരായ സമരങ്ങളില്‍ സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനുമൊപ്പം പങ്കെടുത്ത ഓര്‍മകള്‍ പങ്കുവെച്ചുകൊണ്ടാണ് കെ സഹദേവന്റെ കത്ത്. ഗുജറാത്തിലെ മീഠി വീര്‍ഡി, ബംഗാളിലെ ഹരിപ്പൂര്‍, ആന്ധ്ര പ്രദേശിലെ കൊവ്വാഡ, ഒറീസ്സയിലെ പതിസോനാപ്പൂര്‍, മധ്യപ്രദേശിലെ ചുട്ക, ഹരിയാനയിലെ ഫത്തേഹാബാദ്, മഹാരാഷ്ട്രയിലെ ജെയ്താപൂര്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി നടന്ന ആണവവിരുദ്ധ മുന്നേറ്റങ്ങളില്‍ ഇടതുപക്ഷം സ്വീകരിച്ച നിലപാടുകളെയും കെ സഹദേവന്‍ ഓര്‍മിപ്പിച്ചു.
കത്തിന്റെ പൂര്‍ണ രൂപം
ബഹുമാനപ്പെട്ട കോമ്രേഡ് പ്രകാശ് കാരാട്ട്,
കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ 220 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള രണ്ട് ആണവ നിലയങ്ങള്‍ പണിയുന്നത് സംബന്ധിച്ചുള്ള കൂടിയാലോചനകളിലാണ് താങ്കളുടെ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എന്ന കാര്യം താങ്കള്‍ അറിഞ്ഞുകാണുമെന്ന് കരുതുന്നു. ഒരു സര്‍ക്കാരിന്റെ ഭരണപരമായ തീരുമാനത്തില്‍ ഇടപെടാന്‍ താങ്കളോട് ആവശ്യപ്പെടുന്നത്, ഏതാണ്ട് ഒന്നരപ്പതിറ്റാണ്ട് കാലം മുമ്പ് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ ജേയ്താപ്പൂര്‍ ആണവ നിലയ പദ്ധതിക്കെതിരായ മുന്നേറ്റത്തിന്റെ രക്ഷാകര്‍ത്താക്കളെന്ന നിലയില്‍ പ്രവര്‍ത്തിച്ച താങ്കള്‍ക്കും സഖാവ് സീതാറാം യെച്ചൂരിക്കും പിന്നിലായി അണിനിരന്ന ഒരു ആണവ വിരുദ്ധ പ്രവര്‍ത്തകന്‍ എന്ന നിലയിലാണ്.
2011 ജൂലൈ 13ന് മുംബൈയില്‍ വെച്ച് നടന്ന പത്രസമ്മേളനം താങ്കള്‍ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. അക്കാലത്തെ ദേശീയ മാധ്യമങ്ങള്‍ തിരഞ്ഞാല്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച താങ്കളുടെ പ്രസ്താവന കണ്ടെത്താന്‍ കഴിയും. ''ആണവ റിയാക്ടറുകള്‍ വാങ്ങുന്നതു സംബന്ധിച്ച എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കുക. ഫുക്കുഷിമയ്ക്കുശേഷം അപകടങ്ങള്‍ ഏറ്റെടുക്കുവാന്‍ നമുക്ക് സാധ്യമല്ല. റിയാക്ടറുകളുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച വിലപേശലുകളിലാണ് ഗവണ്‍മെന്റ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. അവ നിര്‍ത്തിവെക്കേണ്ടതാണ്'' എന്നാണ് ഈ പ്രസ്താവനയിലൂടെ താങ്കള്‍ ആവശ്യപ്പെട്ടത്.
ഇതേ പത്രസമ്മേളത്തില്‍, ഗുജറാത്തിലെ മീഠി വീര്‍ഡിയിലും, ബംഗാളിലെ ഹരിപ്പൂരിലും, ആന്ധ്ര പ്രദേശിലെ കൊവ്വാഡയിലും, ഒറീസ്സയിലെ പതിസോനാപ്പൂരിലും, മധ്യപ്രദേശിലെ ചുട്കയിലും, ഹരിയാനയിലെ ഫത്തേഹാബാദിലും ആണവ കോംപ്ലക്സുകള്‍ സ്ഥാപിക്കുവാനുള്ള നീക്കത്തെയും താങ്കള്‍ ചോദ്യം ചെയ്തിരുന്നുവെന്ന കാര്യം ഓര്‍ക്കുമല്ലോ?
മഹാരാഷ്ട്രയിലെ ജെയ്താപൂരിലെ ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്ന സമിതിയുടെ രക്ഷാകര്‍തൃ സമിതിയില്‍ താങ്കളും സഖാവ് സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി രാജയും ആറ്റമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ എ ഗോപാലകൃഷ്ണനും, മുന്‍ കേന്ദ്ര ഫിനാന്‍സ് സെക്രട്ടറി എസ്പി ശുക്ലയും അടക്കമുള്ള 15 പേരായിരുന്നു ഉണ്ടായിരുന്നത്. ആണവ നിലയത്തിനെതിരായി പ്രവര്‍ത്തിക്കുന്ന കൊങ്കണ്‍ ബചാവോ സമിതി പ്രധാനമായും സിപിഐഎം പ്രവര്‍ത്തകരുടേതായിരുന്നു എന്നതും താങ്കള്‍ക്കറിവുള്ള കാര്യമാണ്.
ജെയ്താപ്പൂരിലെ ആണവ വിരുദ്ധ പ്രവര്‍ത്തകരില്‍ പ്രധാനിയായ, അകാലത്തില്‍ അന്തരിച്ച, പ്രവീണ്‍ ഗവാണ്‍കറെ ദില്ലിയിലേക്ക് വിളിപ്പിച്ച് പത്രസമ്മേളനം നടത്തിച്ചതും താങ്കള്‍ തന്നെയായിരുന്നുവല്ലോ. ''ആണവോര്‍ജ്ജം അങ്ങേയറ്റം ചെലവേറിയതും അപകടകരവുമാണെന്ന്'' ആന്ധ്രപ്രദേശിലെ കൊവ്വാഡയിലെ ആണവ വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പിന്നീടൊരിക്കല്‍ കൂടി താങ്കള്‍ പ്രസ്താവിക്കുകയുണ്ടായി. 2016 ജൂലൈ 16ന് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ആന്ധ്ര യൂണിവേഴ്‌സിറ്റി കാംപസില്‍ നടത്തിയ 'No Nuclear Power Plant in Kovada' എന്ന സെമിനാറിലായിരുന്നു താങ്കള്‍ ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ ഒരു ദശകക്കാലയളവില്‍ ഇന്ത്യയിലെ ആണവോര്‍ജ്ജ മേഖലയില്‍ സവിശേഷമായ എന്തെങ്കിലും കുതിച്ചുചാട്ടം സംഭവിച്ചതായി താങ്കള്‍ കരുതുന്നുണ്ടാവില്ലെന്ന് വിശ്വസിക്കട്ടെ. ആറരപ്പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷവും ഇന്ത്യയുടെ ഊര്‍ജ്ജ മിശ്രിതത്തില്‍ ആണവോര്‍ജ്ജത്തിന്റെ സംഭാവന കേവലം 3 മുതല്‍ 4 ശതമാനം വരെ മാത്രമാണെന്നതാണ് വസ്തുത. 2004ല്‍ ആരംഭിച്ച ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡര്‍ പരീക്ഷണ നിലയം, രണ്ട് പതിറ്റാണ്ട് കാലത്തിന് ശേഷവും പൂര്‍ത്തിയാകാതെ നില്‍ക്കുകയാണ്.
ഇന്ത്യന്‍ ആണവ ശാസ്ത്രജ്ഞരുടെ കഴിവില്ലായ്മയോ, കെടുകാര്യസ്ഥതയോ അല്ല ഇതിന് കാരണം എന്ന് താങ്കള്‍ക്കും അറിവുള്ളതാണല്ലോ. ബ്രീഡര്‍ റിയാക്ടര്‍ സാങ്കേതികവിദ്യ ലോകമെമ്പാടും തന്നെ പരാജയമാണെന്നതാണ് കാരണം. ആണവ ഇന്ധനമായ യുറേനിയത്തിന്റെ കാര്യത്തില്‍ നമ്മുടെ രാജ്യം സ്വയം പര്യാപ്തമല്ലെന്നും തോറിയം അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയുടെ മൂന്നാംഘട്ട ആണവ പദ്ധതി ഇന്നും സ്വപ്ന പദ്ധതി മാത്രമായി അവശേഷിക്കുകയാണെന്നും താങ്കള്‍ക്കറിവുള്ള കാര്യമാണ്.
കനത്ത സബ്സിഡികളും സര്‍ക്കാര്‍ പിന്തുണയും ഉണ്ടെങ്കില്‍ മാത്രം മുന്നോട്ടുനീങ്ങാന്‍ കഴിയുന്ന ആണവോര്‍ജ്ജ സാങ്കേതിക വിദ്യ ഒരു വെള്ളാനയാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സംശയം? ഇന്ത്യയിലെ ആണവ നിലയങ്ങളുമായി ബന്ധപ്പെട്ട് 135ഓളം സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അതില്‍ 95ഓളം എണ്ണം അതീവ ഗുരുതരമായവയാണെന്നും ഉന്നയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ആറ്റമിക് എനര്‍ജി റെഗുലേറ്ററി കമ്മീഷനായിരുന്നു. 'Safety issues in DAE installations' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടില്‍ എന്ത് നടപടിയെടുത്തു എന്നത് ഇപ്പോഴും വ്യക്തമല്ല. അങ്ങേയറ്റം രഹസ്യാത്മകത നിറഞ്ഞ ഇന്ത്യന്‍ ആണവോര്‍ജ്ജ പരിപാടി ഇത്തരത്തിലുള്ള എല്ലാ വിവരങ്ങളും ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കുകയാണെന്ന കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
പ്രിയ സഖാവേ,
ഈ കത്തെഴുതുന്ന വേളയില്‍ ഇന്ത്യയിലെ ആണവ വിരുദ്ധ പ്രസ്ഥാനങ്ങള്‍ക്ക് (കേരളത്തിലൊഴികെ) താങ്ങും തണലുമായി നിന്ന രണ്ട് സഖാക്കളെക്കൂടി ഓര്‍മ്മിക്കുകയാണ്. സഖാവ് സീതാറാം യെച്ചൂരിയെയും സഖാവ് ജി. സുധാകര്‍ റെഡ്ഡിയെയും. കൊവ്വാഡയിലും(ആന്ധ്രപ്രദേശ്) ജേയ്താപ്പൂരിലും (മഹാരാഷ്ട്ര) ഹരിപ്പൂരിലും (പശ്ചിമബംഗാള്‍) അവരുടെ സാന്നിദ്ധ്യം അങ്ങേയറ്റം ഊര്‍ജ്ജം പകരുന്നതായിരുന്നു.
കാസറഗോഡ് ജില്ലയിലെ ചീമേനിയില്‍ ആണവോര്‍ജ്ജ പദ്ധതിയുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്നോട്ടുവരുമ്പോള്‍ ജേയ്താപ്പൂരിലെയും കൊവ്വാഡയിലെയും രക്ഷാകര്‍ത്താക്കളെ ഞങ്ങള്‍ കാത്തിരിക്കുന്നു. ''അപകടകരവും ചെലവേറിയതും'' എന്ന് താങ്കള്‍ തന്നെ വിശേഷിപ്പിച്ച ആണവോര്‍ജ്ജ പദ്ധതിയില്‍ നിന്നും താങ്കളുടെ പാര്‍ട്ടി നയിക്കുന്ന ഭരണകൂടത്തെ പിന്തിരിപ്പിക്കാന്‍.
എന്ന്,
സഖാത്വത്തോടെ
കെ സഹദേവന്‍
Content Highlights: K Sahadevan open letter to Prakash Karat about Cheemeni nuclear plant