തിരുവനന്തപുരം: നിയമസഭയിൽ സമർപ്പിക്കപ്പെട്ട സിഎജി റിപ്പോർട്ടിൽ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ ഗുണനിരവാര കുറവിനെതിരെ രൂക്ഷവിമർശനം. പൊതുജനാരോഗ്യ മേഖലയ്ക്ക് ഗുണനിലവാരമില്ലെന്നും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്ത് കുറവെന്നും സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആർദ്രം മിഷൻ ഉദ്ദേശലക്ഷ്യം നിറവേറ്റുന്നില്ല എന്നും മെഡിക്കൽ കോളേജുകളിൽ അക്കാദമിക് പ്രവർത്തനം ആരംഭിക്കുന്നതിൽ അസാധാരണ കാലതാമസമെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ ലിമിറ്റഡിനും രൂക്ഷവിമർശനമാണ് റിപ്പോർട്ടിൽ ഉള്ളത്. മരുന്നുകൾ ആവശ്യത്തിന് എത്തിക്കാൻ കഴിഞ്ഞില്ല എന്നും മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാൻ ഒരു നടപടിയും ഉണ്ടായില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ടെണ്ടർമാനദണ്ഡങ്ങളിൽ ഗുരുതര വീഴ്ച ഉണ്ടായി. ആവശ്യത്തിന് മരുന്നില്ലാത്ത പരാതികൾ വ്യാപകമാണ്. ഈടാക്കേണ്ട പിഴ 1.64 കോടി രൂപയാണെന്നും ഇവ മരുന്നു കമ്പനികളിൽ നിന്ന് ഈടാക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് ക്ഷാമത്തിലുള്ള പരാതികൾ ശക്തമാകവെയാണ് സിഎജി റിപ്പോർട്ടിലെ വിമർശനം. കഴിഞ്ഞ ദിവസം കെഎംസിഎല്ലിൽ നിന്ന് അൻപത് ഇനം മരുന്നുകൾ മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. മരുന്നുകൾ കാരുണ്യ വഴി വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു. രണ്ട് ദിവസത്തിനകം നൂറിനം മരുന്നുകൾ കൂടി എത്തിക്കുമെന്നും അറിയിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപാണ് മരുന്ന് ക്ഷാമം രൂക്ഷമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങൾ തകിടം മറിഞ്ഞത്. ഡയാലിസിസിനടക്കം പുറമേ നിന്ന് മരുന്ന് വാങ്ങാന്‍ രോഗികളോട് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. മരുന്ന് ക്ഷാമത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ദുരിതത്തിലായിരുന്നു. മരുന്ന് വിതരണത്തില്‍ 90 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. കഴിഞ്ഞ പത്താം തീയതി മുതൽ മരുന്ന് വിതരണം കമ്പനികൾ നിര്‍ത്തിയിരുന്നു. അറുപത് ശതമാനമെങ്കിലും കുടിശ്ശിക നികത്തണം എന്നായിരുന്നു ആവശ്യം.
Content Highlights: CAG report criticizes public health