പത്തനംതിട്ട: കോണ്‍ഗ്രസിനകത്ത് എല്ലാവരും ഒരുമിച്ചാണ് മുന്നോട്ട് പോകുന്നതെന്നും മാധ്യമങ്ങള്‍ പറയുന്നതുപോലെ തര്‍ക്കങ്ങള്‍ ഒന്നുമില്ലെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി പുനസംഘടന സംബന്ധിച്ച തീരുമാനങ്ങള്‍ ഹൈക്കമാന്‍ഡ് എടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ വിജയം നേടും. കേരളത്തിലെ ജനങ്ങളുടെ ആഗ്രഹമനുസരിച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പോകണം. ഇടത് സര്‍ക്കാരിനെതിരെ കടുത്ത ജനവികാരമുണ്ട്. അതിനാല്‍ കേരളത്തെ രക്ഷിക്കുക എന്നതാണ് യുഡിഎഫ് ലക്ഷ്യം.
അഴിമതി ആരോപണത്തില്‍ ഇപ്പോഴത്തെ പ്രതിപക്ഷവും തന്റെ കാലത്തെ പ്രതിപക്ഷവും ഷാര്‍പ്പാണെന്നും കൂടുതല്‍ ഷാര്‍പ്പാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ എടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഐക്യത്തിന് ആഹ്വാനം ചെയ്താണ് തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചത്. ഹൈക്കമാന്റ് നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ അവഗണിക്കുന്നുവെന്ന പരാതി യോഗത്തിന് മുന്നില്‍ വന്നു. സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.
Content Highlight: Everyone within the Congress is moving forward together says ramesh chennithala