കൊച്ചി: തന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പി ടി തോമസായിരിക്കാമെന്ന് ഉമ തോമസ് എംഎൽഎ. ജീവിച്ചിരിക്കുമ്പോൾ എനിക്ക് ചെറിയൊരു വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു. കണ്ണ് തുറക്കാൻ ചെറിയൊരു ബുദ്ധിമുട്ടുണ്ട് എന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും ആരോഗ്യവതിയാണെന്നും എംഎൽഎ പറഞ്ഞു. തന്നെ സന്ദര്‍ശിക്കാനെത്തിയ സി വി ആനന്ദ ബോസിനോടായിരുന്നു ഉമ തോമസിന്റെ ഈ പ്രതികരണം.
'എന്നെ താങ്ങിയെടുത്ത് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് ഒരു പക്ഷേ പി ടിയായിരിക്കാം. ജീവിച്ചിരിക്കുമ്പോൾ എനിക്ക് ചെറിയൊരു വേദന വരുന്നത് പോലും അദ്ദേഹത്തിന് സഹിക്കില്ലായിരുന്നു', ഉമ തോമസ് പറഞ്ഞു. പി ടി തോമസുമായുളള സൗഹൃദത്തെ കുറിച്ച് ഗവർണർ ആനന്ദ ബോസും എംഎൽഎയുമായി സംസാരിച്ചു.
കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് കഴിഞ്ഞ ദിവസങ്ങളിലാണ് ആരോഗ്യനില വീണ്ടെടുത്തത്. വീണ് പരിക്കേറ്റ ആദ്യ ദിനങ്ങളിൽ ഉമാ തോമസിന്റെ ആരോഗ്യ നില വളരെ മോശം അവസ്ഥയിലായിരുന്നു. നിലവിൽ എംഎൽഎ വേഗത്തിൽ സുഖം പ്രാപിക്കുന്നുണ്ടെന്നും, ഉടനെ ആരോഗ്യം പൂർവ്വസ്ഥിതിയിലെത്തുമെന്നും ഡോക്ടർമാർ പറയുന്നു. എംഎൽഎയുടെ മനോധൈര്യം തിരിച്ചുവരവിന് മുതൽക്കൂട്ടായെന്നും ഡോക്ടർമാർ പറഞ്ഞു. ഉമാ തോമസിന്റെ ആശുപത്രിയില്‍ നിന്നുള്ള വീഡിയോ എംഎല്‍എയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കഴിഞ്ഞദിവസം സന്ദർശിച്ചിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയാണ് ഗവർണർ എംഎൽഎയെ കണ്ടത്. ഉമ തോമസിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു. മുഖ്യമന്ത്രിയും എംഎൽഎയെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.
ഡിസംബർ 28 ന് കലൂർ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയുടെ വേദിയിൽ നിന്ന് വീണാണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റത്. വേദിയിൽ നിന്നും 15 അടി താഴേയ്ക്ക് വീണ എംഎല്‍എയുടെ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും പരിക്കേറ്റിരുന്നു.
Content Highlights: Uma Thomas Talk to West Bengal Governor CV Ananda Bose About PT Thomas