പാലക്കാട്: പാർട്ടി നടപടി നേരിട്ട മുൻ എംഎൽഎ പി കെ ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ജില്ലാ സമ്മേളനത്തിൽ ആവശ്യം. ഗുരുതരമായ പിഴവുകൾ ശശിയുടെ ഭാഗത്തുനിന്ന് സംഭവിച്ചിട്ടും ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റാത്തത് ശരിയല്ലെന്ന് പ്രവർത്തകർ ചൂണ്ടിക്കാട്ടി. പൊതു ചർച്ചയ്ക്ക് ഇടയിലായിരുന്നു പ്രതിനിധികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ശശിക്കെതിരെ പാർട്ടി നേരത്തെ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ജില്ലയിൽ വിഭാഗീയത ഉണ്ടാവുമായിരുന്നില്ലെന്ന് ചർച്ചയുടെ ആദ്യഘട്ടത്തിൽ വിമർശനം ഉയർന്നിരുന്നു. പി കെ ശശിയെ കെടിഡിസി, സിഐടിയു ജില്ലാ പ്രസിഡന്റ് പദവികളില്‍ നിന്നും നീക്കണമെന്ന ആവശ്യം നേരത്തെ ജില്ലാ സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു. ഇക്കാര്യം തീരുമാനിക്കാന്‍ പാലക്കാട് ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്ഥാന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടെങ്കിലും ജില്ലയില്‍ നിലപാട് എടുക്കാനായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം.
നെല്ലിന്റെ സംഭരണ തുക വിതരണത്തില്‍ പാളിച്ചകള്‍ സംഭവിച്ചതില്‍ സര്‍ക്കാരിനെതിരെയും ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വിവാദപ്രസ്താവനകള്‍ നടത്തിയ സംസ്ഥാന കമ്മിറ്റി അംഗമായ എന്‍ എന്‍ കൃഷ്ണദാസ് സ്വയം തിരുത്തി, മുതിര്‍ന്ന നേതാവിന്റെ പക്വത കാണിക്കണമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Content Highlights: CPIM Activists Wants Remove PK Sasi from KTDC Chairman Post in CPIM District Conference