പാലക്കാട്: സന്ദീപ് വാര്യർ ബിജെപി വിട്ടപ്പോൾ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശത്തിൽ രൂക്ഷ വിമർശനം. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് വിമർശനം. 'സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ സഖാവാകും' എന്ന പരാമർശം വെള്ളം തിളയ്ക്കും മുൻപ് അരിയിടുന്നതിന് തുല്യമായെന്നായിരുന്നു വിമർശനം.
ഈനാംപേച്ചി, മരപ്പട്ടി പരാമർശങ്ങളിലൂടെ ബാലൻ പാർട്ടിയെ ജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കിയെന്നും ജില്ലാ സമ്മേളനത്തിൽ ആരോപണമുയർന്നു. സ്വന്തം പാർട്ടിയെ അണികൾക്കിടയിൽ ആത്മവിശ്വാസമില്ലാതെ ഇകഴ്ത്തിക്കാട്ടി. മോന്തായം വളഞ്ഞാൽ കഴുക്കോലും വളയും. അക്കാര്യം മുതിർന്ന സഖാക്കൾ മറന്നുപോവരുതെന്നും സിപിഐഎം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ ഓർമപ്പെടുത്തി.
നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെച്ച് പാർട്ടി ചിഹ്നം സംരക്ഷിക്കണമെന്നും ദേശീയപാർട്ടി പദവി നഷ്ടപ്പെട്ടാൽ അടുത്ത തിരഞ്ഞെടുപ്പിൽ ചിഹ്നം നഷ്ടമാകുമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു. ഈനാംപേച്ചി, നീരാളി, മരപ്പട്ടി പോലുള്ള ചിഹ്നങ്ങളാകും തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിക്കുകയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സന്ദീപ് വാര്യർ നമ്പർ വൺ കോമ്രേഡ് ആകുമെന്ന് റിപ്പോർട്ടർ ടിവിയുടെ അഭിമുഖ പരിപാടിയായ ക്ലോസ് എൻകൗണ്ടറിൽ അദ്ദേഹം പറഞ്ഞിരുന്നു.
സന്ദീപ് വാര്യർ ക്രിസ്റ്റൽ ക്ലിയർ ആകുമെന്നും മുൻപ് പറഞ്ഞതൊന്നും പ്രശ്നമല്ലെന്നും എ കെ ബാലൻ വ്യക്തമാക്കിയിരുന്നു. കറകളഞ്ഞ കമ്മ്യൂണിസ്റ്റുകാരെ കൊണ്ട് മാത്രം തങ്ങൾക്ക് ഭരണം കിട്ടുമോ എന്ന് ചോദിച്ച എ കെ ബാലൻ ഓരോ കാലത്ത് ഓരോരുത്തരെ കിട്ടുമെന്നും പറഞ്ഞിരുന്നു.
Content Highlights: cpim palakkad district conference against ak balan