കഠിനംകുളം കൊലപാതകം: പ്രതി രക്ഷപ്പെട്ടത് കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറിൽ; പ്രതിയ്ക്കായി തിരച്ചിൽ

പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്

dot image

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളം കൊലപാതകത്തിൽ പ്രതി രക്ഷപ്പെടാനുപയോ​ഗിച്ച സ്കൂട്ടർ കണ്ടെത്തി. കൊല നടത്തിയ ശേഷം കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറുമായാണ് പ്രതി രക്ഷപ്പെട്ടത്. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിലാണ് സ്കൂട്ടർ കണ്ടെത്തിയത്. കൊല നടത്തിയ ശേഷം ആതിരയുടെ സ്കൂട്ടറുമായി റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം. പൊലീസ് സ്റ്റേഷനിലെത്തിച്ച സ്കൂട്ടർ ഇന്ന് തുറന്നു പരിശോധിക്കും. പ്രതി പെരുമാതുറയിൽ താമസിച്ചിരുന്ന വാടകവീടും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീടും പരിശോധിക്കും. ആതിരയെ കൊലപ്പെടുത്താൻ വേണ്ടിയാണ് യുവാവ് വീട് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറയുന്നു.

നാല് സംഘങ്ങളായാണ് പ്രതിക്കായുള്ള അന്വേഷണം നടത്തുന്നത്. ജനുവരി 21-ന് രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശിയായ ആതിരയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആതിരയുടെ ഭർത്താവ് ക്ഷേത്രത്തിലെ പൂജാരിയാണ്. ഭർത്താവ് ക്ഷേത്രത്തിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആതിരയുടെ സ്‌കൂട്ടറും സംഭവസ്ഥലത്തുനിന്ന് കാണാതായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന മകനെ സ്കൂളിലേക്കു പറഞ്ഞയച്ച ശേഷമാണ് ആതിര കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്‍റെ നി​ഗമനം. മതിൽ ചാടിയാണ് അക്രമി വീട്ടിനകത്തേക്ക് കയറിയതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ആതിര ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവിനായാണ് പൊലീസ് തിരച്ചിൽ നടത്തുന്നത്.

Content Highlights: Kadinamkulam murder police searches for the accused

dot image
To advertise here,contact us
dot image