സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ജീവിതം കരയ്ക്കടുപ്പിക്കണമെന്ന ആഗ്രഹത്തോടെ യെമനിലേക്ക് വിമാനം കയറിയ പ്രവാസി മലയാളി നീണ്ട കാത്തിരിപ്പിനൊടുവിൽ നാടണഞ്ഞു. തൃശ്ശൂർ സ്വദേശിയായ ദിനേഷ് (49) ആണ് നീണ്ട 10 വർഷങ്ങൾക്കിപ്പുറം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. പൊതുപ്രവർത്തകനായ എടക്കുളം സ്വദേശി വിപിൻ പാറമേക്കാട്ടിലിന് മുന്നില്‍ ഉണ്ണി പൂമംഗലം മുഖേന എത്തുന്നത്. അദ്ദേഹത്തിൻ്റെ ഇടപെടലാണ് ദിനേഷിനെ നാട്ടിലെത്തിക്കാൻ സഹായിച്ചത്. അച്ഛനെ നേരിൽ കണ്ട് ഓർമയില്ലാത്ത മക്കൾ ദിനേഷിനെ നേരിൽ കണ്ടപ്പോഴുള്ള ആ നിമിഷം വികാരഭരിതമായിരുന്നു.
2014ലാണ് ദിനേഷ് യെമനിലേക്ക് പോയത്. അവിടെയെത്തിയപ്പോൾ യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇതിനിടയിൽ സ്പോൺസറുടെ കൈയിൽ പാസ്പോർട്ട് അകപ്പെടുകയും ചെയ്തു. പിന്നീട് തിരികെ നാട്ടിലേക്ക് പോകാൻ ആകാതെ യെമനിൽ ദുരിതജീവിതം നയിക്കുകയായിരുന്നു ദിനേഷ് എന്ന പ്രവാസി. ഇതിനിടയിലാണ് നാട്ടിലെ വീട് കടക്കെണിയിൽപ്പെടുകയും ചെയ്തിരുന്നു.
ദിനേഷിനെ നാട്ടിലേക്ക് തിരികെ എത്തിക്കാനായി സുഹൃത്തുക്കളും കുടുംബവും ഏറെ പരിശ്രമിച്ചുവെങ്കിലും നടന്നില്ല. ദിനേഷിനെ നാട്ടിലെത്തിക്കാനായി നിരവധി പേരെ പോയി കാണുകയും അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തുവെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇതിനിടയിലാണ് വിവരം വിപിൻ പാറമേക്കാട്ടിലിന് മുന്നില്‍ ഉണ്ണി പൂമംഗലം മുഖേന എത്തുന്നത്. തുടർന്ന് വിപിൻ യെമനിലെ ഇന്ത്യൻ എംബസിയുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും ഇടപെടലുകൾ നടത്തി. ഒപ്പം വലിയ തുക വിടുതൽ പ്രവർത്തനങ്ങൾക്കായി യെമനിലേക്ക് അയച്ച് നൽകുകയും ചെയ്തു. പിന്നാലെ കോട്ടയം സ്വദേശിയായ ഷിജു ജോസഫ്, വധശിക്ഷ വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയ വിഷയത്തില്‍ അടക്കം ഇടപെടല്‍ നടത്തി കൊണ്ടിരിക്കുന്ന സാമൂവല്‍ ജെറോം എന്നിവരുടെയും ഇടപെടല്‍ മുഖാന്തിരമാണ് ദിനേഷിന് തിരികെ നാട്ടില്‍ എത്താനുള്ള വഴിയൊരുക്കുകയായിരുന്നു.
ഇന്ന് രാവിലെയാണ് കൊച്ചി വിമാനത്താവളത്തിൽ ദിനേഷ് വന്നിറങ്ങിയത്. 10 വർഷത്തിന് ശേഷം താത്കാലിക പാസ്പോർട്ടിൽ വരുന്നതിനാൽ എമിഗ്രേഷൻ ക്ലിയറൻസിനായി മണിക്കൂറുകളാണ് ദിനേഷ് ചെലവഴിച്ചത്. ഭാര്യയേയും മക്കളേയും കാണാനുള്ള അടങ്ങാത്ത ആവേശവുമായിട്ടായിരുന്നു ഓരോ മണിക്കൂറും ദിനേഷ് തള്ളിനീക്കിയത്. വിമാനത്താവളത്തിൽ ദിനേഷിനെ കാത്ത് വിപിൻ പാറമേക്കാട്ടിലും ഉണ്ണ പൂമംഗലവും എത്തിയിരുന്നു. ദിനേഷിനെ കൂട്ടി ഇവർ തൃശ്ശൂർ എടക്കുളത്തെ വീട്ടിലേക്ക് പുറപ്പെട്ടു.
അവിടെയെത്തിയപ്പോൾ തന്നെ സ്വീകരിക്കാനെത്തിയ സുഹൃത്തുക്കളേയും കുടുംബത്തേയും നിറഞ്ഞ കണ്ണുകളോടെ എത്തിയ മക്കളേയും കണ്ട് ദിനേഷും കരഞ്ഞു. നാട്ടിലെത്തിയ ദിനേഷിന് ഹൃദയഭേദകമായ മറ്റൊരു കാഴ്ചയായിരുന്നു ബാങ്കിൽ ജപ്തി കാത്ത് കിടന്ന വീട് തകർന്നുപോയത്. തകർന്നു നാമാവശേഷമായ തന്റെ വീട് കണ്ടതോടെ നാട്ടുകാരും കൈവിട്ടില്ല. നാട്ടുകാരുടെ പ്രതിനിധിയായി വിപിന്‍ ദിനേഷിന് സ്വന്തമായി വീടും ജോലിയും നൽകി കൈപിടിച്ചുയർത്തുന്നതിനായുള്ള പരിശ്രമങ്ങൾ നടത്തുമെന്ന് നൽകുകയും ചെയ്തു. തിരികെ എത്തിയതിലുള്ള സന്തോഷം ദിനേഷ് പ്രകടിപ്പിച്ചു. ഇനിയുള്ള കാലം കുടുംബത്തോടൊപ്പം കഴിയാം എന്ന സന്തോഷമാണുള്ളതെന്നും ദിനേഷ് പറഞ്ഞു. ഭാര്യയും മക്കളുമായി ദിനേഷ് ഭാര്യ വീട്ടിലേക്ക് പോവുകയും ചെയ്തു.
Content Highlights: Man trapped in yemen for last 10 years back to kerala heartfelt storys