പാലക്കാട്: എലപ്പുള്ളിയിൽ ആരംഭിക്കുന്ന ബ്രൂവറിയെ അനുകൂലിക്കുന്ന നിലപാടിലുറച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വികസനം കൊണ്ടുവരുന്നത് തടയാൻ ചിലർക്ക് പ്രത്യേക താൽപര്യമുണ്ട്. കുടിവെള്ളം ചൂഷണം ചെയ്യുമെന്നത് കള്ള പ്രചരണമാണെന്നും ബ്രൂവറി വരുന്നതിലൂടെ ഒട്ടേറെ പേർക്ക് ജോലി കിട്ടുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് എം വി ഗോവിന്ദൻ നിലപാട് ആവർത്തിച്ചത്.
ബ്രൂവറി നാട്ടിൽ വികസനം കൊണ്ടുവരുന്ന പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ബ്രൂവറി വിഷയത്തിൽ സമ്മേളനത്തിനിടെ പ്രതിനിധികൾ ആശങ്ക അറിയിച്ചിരുന്നു. പ്രതിനിധികളുടെ ചർച്ചയ്ക്ക് ശേഷം നൽകിയ മറുപടിയിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം.
അതേസമയം ബ്രൂവറി വിവാദം സർക്കാരിനെതിരെയുളള ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ബ്രൂവറി അനുവദിച്ചതിലെ അഴിമതിയും ജലചൂഷണവും ഉയര്‍ത്തിയാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ എലപ്പുളളിയിലെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.
ബ്രൂവറിക്ക് അനുമതി നല്‍കിയ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാനാണ് എലപ്പുള്ളി പഞ്ചായത്തിന്റെ തീരുമാനം. കമ്പനി വരുന്നതിനുള്ള വിയോജിപ്പറിയിച്ച് പഞ്ചായത്ത് സര്‍ക്കാരിന് ഇ-മെയില്‍ അയച്ചിട്ടുണ്ട്.
Content Highlights: MV Govindan Support Brewery in Palakkad Elappully