കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തില്‍. കേസിലെ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം കൂടി പൂര്‍ത്തിയായാല്‍ വിചാരണ കോടതി കേസ് വിധി പറയാനായി മാറ്റും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കാണ് കേസിന്റെ വിചാരണച്ചുമതല. കേസിലെ സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങിയ നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഒരുമാസത്തോളം നീണ്ട പ്രോസിക്യൂഷൻ വാദം കോടതി കേട്ടത്.
കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളുണ്ട്. നടന്‍ ദിലീപ് കേസില്‍ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ്. ബലാത്സംഗ ഗൂഢാലോചന കേസിലാണ് ദിലീപ് പ്രതിചേര്‍ക്കപ്പെട്ടത്. ക്വട്ടേഷൻ്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് രണ്ട് പ്രതികളെ ഒഴിവാക്കിയിട്ടുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കി. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ലൈംഗീകാതിക്രമത്തിന് ഇരയായത്. കേസിലെ സാക്ഷികളായ രണ്ട് ഫൊറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടി ഒന്നാംപ്രതി പള്‍സര്‍ സുനി നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറംലോകത്തെ അറിയിച്ചത്.
Content Highlights: Actress attack; The prosecution case is over; Defendant's reply today