തിരുവനന്തപുരം: ഇത്തവണത്തെ ക്രിസ്മസ്- പുതുവത്സര ബമ്പറിന് റെക്കോർഡ് വിൽപന. വിതരണത്തിന് നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ 38,78,990 ടിക്കറ്റുകൾ ഇതുവരെ വിറ്റ് തീർത്തു. നറുക്കെടുപ്പിന് വെറും 13 ദിനം മാത്രം ബാക്കി നിൽക്കെയാണ് ഇത്രയധികം ടിക്കറ്റ് വിറ്റുപോയത്. ബമ്പർ ടിക്കറ്റ് വിൽപനയിൽ ഒന്നാം സ്ഥാനത്ത് പാലക്കാട് ജില്ലയാണ് മുമ്പിലുളളത്. 6,95,950 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ മാത്രം വിറ്റുപോയത്.
3,92,920 ടിക്കറ്റുകൾ വിറ്റുകൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുമുണ്ട്. 400 രൂപയുളള ടിക്കറ്റിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്. 20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്.
മൂന്നാം സമ്മാനം പത്ത് ലക്ഷം ഓരോ പരമ്പരയ്ക്കും, മൂന്ന് വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരയ്ക്കും, രണ്ട് വീതം 20 പേർക്കും നൽകും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്.
ഡിസംബർ 17 ന് ആണ് ടിക്കറ്റ് വിൽപന തുടങ്ങിയത്. ഫെബ്രുവരി അഞ്ചിന് ഉച്ചതിരിഞ്ഞ് രണ്ട് മണിക്കാണ് ക്രിസ്മസ്-നവവത്സര ബമ്പർ നറുക്കെടുപ്പ്. ഇത്തവണ വൈകിയാണ് ടിക്കറ്റ് വിൽപന ആരംഭിച്ചത്. പൂജാ ബമ്പര്‍ ലോട്ടറിയുടെ നറുക്കെടുപ്പിന് പിന്നാലെയാണ് സാധാരണ ഗതിയിൽ ക്രിസ്മസ് ബമ്പറിന്‍റെ വിൽപ്പന ആരംഭിക്കുക. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതിനാൽ ഏജന്‍റുമാര്‍ പ്രതിഷേധം നടത്തിയിരുന്നു. ഈ ആശയക്കുഴപ്പത്തെ തുടർന്ന് അച്ചടി താത്കാലികമായി നിര്‍ത്തി വെച്ചതോടെ വിൽപന വൈകുകയായിരുന്നു.
Content Highlights: Christmas New Year Bumper Ticket 2025 Record Sale Continues