തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ജീവനൊടുക്കാന്‍ തിരഞ്ഞെടുത്തത് മകന്‍ മരിച്ച അതേദിവസം. മുട്ടട സ്വദേശികളായ ശ്രീകല, സ്‌നേഹദേവ് എന്നിവരാണ് മകന്‍ മരിച്ച അതേ ദിവസം തന്നെ മരിക്കാനായി തിരഞ്ഞെടുത്തത്. ഏക മകനായ പതിനൊന്ന് വയസുകാരന്‍ ശ്രീദേവ് മരിച്ചതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. നാല് പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷം ഇതേ ദിവസമായിരുന്നു ശ്രീദേവ് ഹൃദയാഘാതം മൂലം മരിക്കുന്നത്. ചികിത്സാ പിഴവ് മൂലമാണ് ശ്രീദേവിന്റെ മരണമെന്നാണ് ഇവരുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. മകന്റെ മരണത്തില്‍ നീതി ലഭിച്ചില്ലെന്നും ഇവര്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. മകന്റെ പേരിലുള്ള എല്ലാ സ്വത്തും ട്രസ്റ്റിന് എഴുതിവെച്ചെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
ഇന്ന് രാവിലെയാണ് നെയ്യാറില്‍ വലിയ വിളാകം കടവില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഇവരുടെ മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlights- husband and wife killed themself in neyyatinkara