മലപ്പുറം: ലീഗിനെതിരെ നിലപാടുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത്. കാന്തപുരത്തിൻ്റെ മതവിധിയെ പിന്തുണച്ചാൽ മാത്രം പോരായെന്നും പരിപാടികളിൽ അത് നടപ്പാക്കണമെന്നുമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഒളിയമ്പ്.
'കാന്തപുരം അബൂബക്കർ മുസ്‌ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച മതവിധി പറഞ്ഞപ്പോൾ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാൽ പോരായെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പിൽ വരുത്താൻ കൂടി ശ്രമിക്കണം' എന്നായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പരാമർശം.
മതവിധി പറയുന്ന പണ്ഡിതന്മാരെ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. സമസ്ത കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനത്തിലായിരുന്നു സമസ്ത അധ്യക്ഷൻ്റെ പരാമർശം.
നേരത്തെ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം കാന്തപുരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുളവർ അതിൽ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമർശിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തിയുള്ള പിഎംഎ സലാമിൻ്റെ പ്രതികരണം. മെക് 7 വ്യായാമ കൂട്ടായ്മയെ ലക്ഷ്യമിട്ട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നടത്തിയ വിവാദ പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ വിമർശനത്തിനെതിരെ സമസ്ത ഇകെ വിഭാഗം നേതാക്കളായ നാസർ ഫൈസി കൂടത്തായിയും സത്താർ പന്തല്ലൂരും രംഗത്തെത്തിയിരുന്നു.
സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്നായിരുന്നു മെക് 7നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള കാന്തപുരത്തിന്റെ പ്രസ്താവന. യാഥാസ്ഥിതികരെന്ന് വിമർശിച്ചാലും പ്രശ്നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നും കാന്തപുരം പറഞ്ഞിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത് വന്നതോടെയാണ് വിഷയം മുസ്‌ലിം ലീഗും സമസ്തയും ഏറ്റെടുത്തത്.
ഇസ്ലാമിലെ സ്ത്രീകളും പുരുഷന്മാരും എങ്ങിനെ ജീവിക്കണമെന്ന് ഇസ്ലാമിക പണ്ഡിതന്മാർ പറയുമെന്ന് നാസർ ഫൈസി കൂടത്തായി വ്യക്തമാക്കി. ഭരണഘടന നൽകുന്ന അവകാശത്തിനകത്ത് നിന്ന് മതനിർദേശങ്ങൾ പണ്ഡിതന്മാർ പറയുമെന്നും അവ സ്വീകരിക്കുന്നവർക്ക് മാത്രമേ അത് ബാധകമാകൂ എന്നുമായിരുന്നു നാസർ ഫൈസി കൂടത്തായിയുടെ നിലപാട്. മതകാര്യങ്ങളിൽ മതപണ്ഡിതന്മാർ മതവിശ്വാസികളെ ഉപദേശിക്കും, ആ ഉപദേശത്തെ മോശമായി ചിത്രീകരിക്കുന്നത് ആർക്കും ഭൂഷണമല്ലെന്നായിരുന്നു സത്താർ പന്തല്ലൂരിൻ്റെ പ്രതികരണം. മതപണ്ഡിതന്മാർ വിശ്വാസികളെ ഉപദേശിക്കുമ്പോൾ അതിനെ അടച്ചാക്ഷേപിച്ചാൽ ഇക്കാര്യത്തിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായിരിക്കുമെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.
സ്ത്രീകൾ പൊതുയിടങ്ങളിൽ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അത്തരക്കാർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമായിരുന്നു കാന്തപുരത്തിൻ്റെ നിലപാടിനോടുള്ള എം വി ഗോവിന്ദൻ്റെ വിമർശനം. സിപിഐഎം സ്വീകരിക്കുന്ന സ്ത്രീപക്ഷ നിലപാടിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് കാന്തപുരം എം വി ഗോവിന്ദന് മറുപടി നൽകിയിരുന്നു. എം വി ഗോവിന്ദൻ്റെ ജില്ലയിൽ സിപിഐഎമ്മിന് ഒരൊറ്റ വനിതാ ഏരിയാ സെക്രട്ടറി മാത്രമാണ് ഉള്ളതെന്നായിരുന്നു എം വി ഗോവിന്ദൻ്റെ വിമർശനത്തിനുള്ള കാന്തപുരത്തിൻ്റെ മറുപടി. എന്തുകൊണ്ടാണ് ഒരു സ്ത്രീയെ പോലും ഉൾപ്പെടുത്താത്തതെന്നും കാന്തപുരം ചോദിച്ചിരുന്നു.
Content highlights: Jifri Thangal takes a stand against the league