കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറായ കലാ രാജുവിൻ്റെ വാദങ്ങൾ ഖണ്ഡിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് സിപിഐഎം. അവിശ്വാസ പ്രമേയ ദിവസം സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസില്‍ നിന്ന് വീട്ടിലേക്കും പൊലീസ് സ്റ്റേഷനിലേക്കും ആരോഗ്യവതിയായാണ് കല രാജു പോയതെന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നും ഉപദ്രവിച്ചെന്നുമുള്ള പരാതി ദിവസങ്ങള്‍ക്ക് ശേഷം ഉന്നയിക്കുന്നതും ചികിത്സയില്‍ കഴിയുന്നതും ദുരൂഹമാണെന്ന് സിപിഐഎം ആരോപിക്കുന്നു.
നഗരസഭയിലെ അവിശ്വാസ പ്രമേയ ചര്‍ച്ചയുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസില്‍ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോലഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ശേഷമായിരുന്നു കലയുടെ ആരോപണം.
കോണ്‍ഗ്രസ് നേതാക്കള്‍ കല രാജുവിന് സാമ്പത്തിക വാഗ്ദാനം നല്‍കിയെന്ന് കാണിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വിട്ടിരുന്നു. പാര്‍ട്ടി ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഐഎം പുറത്തുവിട്ടത്. സാമ്പത്തിക ബാധ്യതകള്‍ അന്വേഷിക്കാമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതായി കലാ രാജു അംഗങ്ങളോട് പറയുന്നുണ്ട്.
കേസുകളില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. കല രാജുവിനെ സിപിഐഎം ഏരിയ കമ്മിറ്റിയിലേക്ക് കൊണ്ടുപോയ നഗരസഭാ ചെയര്‍പേഴ്‌സണിന്റെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ സിപിഐഎം ഏരിയ സെക്രട്ടറി അടക്കമുള്ള പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. കല രാജു ഇന്നലെ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കിയിരുന്നു.
Content Highlights: Kala raju has no Health issues cpim Out More Visuals