മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ ഓടക്കയത്ത് കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റിൽ കാട്ടാനയെ കണ്ടെത്തിയത്. കാടിനോട് ചേർന്ന ഇരുട്ടുമൂടിയ പ്രദേശത്താണ് കാട്ടാന ഉള്ളത്. അതിനാൽ തന്നെ നിലവിൽ രക്ഷാപ്രവർത്തനം ആശങ്കയിലാണ്. വനംവകുപ്പും പൊലീസും പ്രദേശത്ത് എത്തിയിട്ടുണ്ട്.കൂടുതൽ ഉദ്യോഗസ്ഥർ ഉടനെത്തും. ജെസിബി അടക്കം കൊണ്ടുവന്ന് കിണറിന്റെ ഒരുഭാഗം ഇടിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് നിലവിലെ തീരുമാനം.
വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന ഒരു പ്രദേശം കൂടിയാണിത്. അതിനാൽ നാട്ടുകാരും വലിയരീതിയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. ആനയെ രക്ഷപ്പെടുത്തിയാലും ഈ കാട്ടിലേക്ക് തിരികെ വിടാൻ പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോൾ അതിലൊരു ആന കിണറ്റിൽ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാർ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റിൽ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന ഈ കിണറിന് ആൾമറയില്ല. കിണറ്റിൽ അധികം വെള്ളവും ഇല്ലെന്നാണ് വിവരം.
Content Highlights:wild calf fell into the well at Malappuram; Rescue operations by digging well