മലപ്പുറം: ആനയെ പുറത്തെത്തിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നും തുമ്പിക്കൈ ഉൾപ്പടെ കണ്ടതാണ് കൃത്യമായ പാതയൊരുക്കാൻ സഹായകരമായതെന്നും മലപ്പുറത്ത് കിണറ്റിൽ വീണ കാട്ടാനയുടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത ജെസിബി ഡ്രൈവർ റിപ്പോർട്ടറിനോട്. ' ആനയുടെ ദേഹത്തു ജെസിബി തട്ടുമൊ എന്ന പേടിയുണ്ടായിരുന്നു. വളരെ കരുതലോടെയാണ് വാഹനം നിയന്ത്രിച്ചിരുന്നത്. പാതയൊരുക്കുമ്പോൾ ആനയും സഹകരിച്ചു. കേറി കഴിഞ്ഞപ്പോൾ എല്ലവരെയും ഒരുതവണ തിരിഞ്ഞു നോക്കിയാണ് ആന പോയത് ' ജെസിബി ഡ്രൈവർ പറഞ്ഞു.
ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20 മണിക്കൂർ നീണ്ട പ്രയ്തനത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ചാണ് പുറത്തെത്തിച്ചത്. അറുപതംഗ വനംവകുപ്പ് സംഘത്തിൻ്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. ഇന്നലെ രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിലൊരു ആന കിണറ്റില്‍ വീണതെന്നാണ് നിഗമനം. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. ഇന്നലെ മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി ആവശ്യത്തിന് മാത്രമായി ഉപയോഗിക്കുന്ന കിണറിന് ആള്‍മറ ഉണ്ടായിരുന്നില്ല.
content highlight- JCB Driver about elephant rescue operation