കൽപറ്റ: ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും. പ്രിയങ്ക ഗാന്ധി എം പി യുടെ പേഴ്സണൽ സ്റ്റാഫംഗം രതീഷ് കുമാർ, രാഹുൽ ഗാന്ധി എം പിയായിരുന്നപ്പോൾ പേഴ്സണൽ സ്റ്റാഫിലുണ്ടായിരുന്ന മുജീബ് കെ എ എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളത്.
ഐ സി ബാലകൃഷ്ണന് താൻ ഏഴ് ലക്ഷം രൂപ കൊടുത്തത് രതീഷിനും മുജീബിനും അറിയാം എന്നാണ് എൻ എം വിജയന്‍റെ കുറിപ്പിൽ പറയുന്നത്. ബിജു തൊടുവണ്ടി എന്നയാളുടെ കയ്യിൽ നിന്ന് വാങ്ങിയ പണമാണ് ഐ സി ബാലകൃഷ്ണന് നല്‍കിയത്. പണം തിരികെ നൽകാതെ വന്നപ്പോൾ ബിജു ഇക്കാര്യം ഐസി ബാലകൃഷണനോട് തിരക്കിയിരുന്നു. എന്നാൽ ഇത് തിരിച്ചു കൊടുക്കാൻ എംഎൽഎ തയ്യാറായിരുന്നില്ല. പിന്നാലെ രതീഷിൻ്റെയും മുജീബിൻ്റെയും സാലറി സർട്ടിഫിക്കറ്റ് വച്ച് ലോൺ എടുക്കേണ്ടി വന്നുവെന്നും കുറിപ്പിൽ പറയുന്നു. 2017- 18 വർഷമാണ് കുറിപ്പിൽ പറയുന്ന സംഭവം നടന്നത്. അന്ന് രാഹുൽ ഗാന്ധിയുടെ സ്റ്റാഫംഗമായിരുന്ന മുജീബ് എം പി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത കേസിലെ പ്രതിയാണ്.
എൻ എം വിജയൻ്റെയും മകൻ്റയെും മരണത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരവെയാണ് ഇക്കാര്യം കൂടി പുറത്തുവരുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാങ്കുകളിലെ നിയമനത്തിനായി പണം വാങ്ങിയെന്ന ആരോപണം എംഎൽഎ നിഷേധിച്ചിരുന്നു. സാമ്പത്തിക ഇടപാടുകൾ നടന്നിട്ടില്ലെന്ന് അന്വേഷണ സംഘത്തിന് ഐ സി ബാലകൃഷ്ണൻ മൊഴി നൽകി.
കേസിൽ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയ്ക്കും ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും കെ കെ ഗോപിനാഥനും കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കൽപ്പറ്റ ചീഫ് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്.
മുൻകൂർ ജാമ്യഹർജിയിൽ വിധി പ്രസ്താവിക്കുന്നത് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് നേരത്തെ കോടതി നിർദേശിച്ചിരുന്നു. പ്രതികളുടെ കേസിലെ പങ്കാളിത്തം വ്യക്തമാകുന്ന ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. കേസിൽ നിർണായക സാക്ഷി സ്വാധീനിക്കപ്പെട്ടതായി സംശയമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.
Content highlight- Names of personal staff of Rahul Gandhi and Priyanka Gandhi in NM Vijayan's death note