കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ രസതന്ത്ര വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ നടപടികള്‍ ഒന്‍പത് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. അഭിമന്യുവിന്റെ അമ്മ ഭൂപതി നല്‍കിയ ഹര്‍ജി അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നിർദേശം. വിചാരണ പൂര്‍ത്തിയാക്കാന്‍ 9 മാസം സാവകാശം വേണമെന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ അര്‍ജ്ജുനെ അക്രമി സംഘം കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ചുമരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ-ക്യാംപസ് ഫ്രണ്ട് തര്‍ക്കത്തെ തുടന്നാണ് അഭിമന്യുവിന് കുത്തേറ്റത്. കോളേജിലെ പ്രവേശനോത്സവത്തിന് തലേന്നായിരുന്നു ആക്രമണം.
കേസിൽ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികൾ. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ സഹല്‍ ഹംസയാണ് കേസിലെ പ്രധാന പ്രതി.
Content Highlights: SFI leader Abhimanyu murder High Court ordered complete trial proceedings within 9 months