മലപ്പുറം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ രോഗികൾക്ക് ക്യൂവിൽ നിൽക്കാതെ ഒപി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള മൊബൈൽ ആപ്ലിക്കേഷനുമായി ആരോഗ്യവകുപ്പ്. മൊബൈൽ ആപ്ലിക്കേഷൻ ഇ ഹെൽത്ത് കേരള എന്ന പേരില്‍ ജനകീയമാക്കാനുള്ള നടപടികള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു.
യുഎച്ച്ഐഡി കാർഡ് നമ്പർ, ആധാർ കാർഡ് നമ്പർ എന്നിവ ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി ഒപി ടിക്കറ്റ് ബുക്ക് ചെയ്യാം. നിലവിൽ മലപ്പുറം ജില്ലായിലെ 60 ഓളം ആരോഗ്യ സ്ഥാപനങ്ങളിലാണ് ഇ ഹെൽത്ത് സേവനം നടപ്പിലാക്കിയത്.14ലധികം സ്ഥാപനങ്ങളിൽ പുതിയതായി ഇ ഹെൽത്ത് സംവിധാനം ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.
ആരോഗ്യ സ്ഥാപനങ്ങളിലെ ഒ പി റിസപ്ഷന്‍ കൗണ്ടറുകളുടെ കേന്ദ്രങ്ങളിലെ നീണ്ട ക്യൂവുകള്‍ നിയന്ത്രിക്കുന്നതിനായി സ്‌കാന്‍ ആന്‍ഡ് ബുക്ക് എന്ന സംവിധാനവും മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇ-ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കായി മുന്‍കൂറായി ബുക്ക് ചെയ്യാം. എത്ര ഡോക്ടര്‍മാര്‍ ബുക്കിങ് ദിവസം പരിശോധനയ്ക്ക് ഉണ്ടായിരിക്കും, രോഗിയുടെ മെഡിക്കല്‍ പശ്ചാത്തലം, ലാബ് ടെസ്റ്റുകളുടെ ഫലങ്ങള്‍, ഡോക്ടറുടെ മരുന്നു കുറിപ്പുകള്‍ തുടങ്ങിയവയെല്ലാം മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.
സ്ഥാപനത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെ പൊതുജനങ്ങള്‍ക്ക് ഡോക്ടറുടെ കണ്‍സള്‍ട്ടേഷനായി ലഭ്യമായ ടോക്കണ്‍ നമ്പര്‍ ലഭിക്കും. ടോക്കണ്‍ ജനറേഷന്‍ സമയത്ത് ബാധകമായ എല്ലാ ഒപി ചാര്‍ജുകളും ഓണ്‍ലൈനായി അടക്കാം. നിലവില്‍ മലപ്പുറം ജില്ലയിലെ ഇ ഹെല്‍ത്ത് സംവിധാനം നിലവിലുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ ഇ പോസ് മെഷീന്‍ വഴി എല്ലാ ബില്ലിങ് പേയ്മെന്റുകളും നടപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
Content Highlight : Department of Health with mobile application to book Op ticket online