കല്‍പ്പറ്റ: മൃഗങ്ങള്‍ നാടിന്റെ അന്ധകരായി മാറുമ്പോള്‍ അതിനെ നിയന്ത്രിക്കാന്‍ ഒരു സര്‍ക്കാര്‍ വേണ്ടേയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. താനും കേരളത്തില്‍ വനം മന്ത്രി ആയിരുന്നയാളാണെന്നും മൃഗങ്ങളെ സംരക്ഷിക്കാന്‍ ഭരിച്ചവരാണ് തങ്ങളെന്നും അദ്ദേഹം പ്രതികരിച്ചു. മൃഗങ്ങള്‍ക്ക് എല്ലാ പരിരക്ഷയും നല്‍കിയാണ് തങ്ങള്‍ ഭരിച്ചതെന്നും കെ സുധാകരന്‍ പറഞ്ഞു.
'ഞാന്‍ വനംവകുപ്പ് മന്ത്രിയായിരിക്കെ ആന ശല്യമുണ്ടായിരുന്നു. വേലിയും, മതിലും, ട്രഞ്ചും ഉള്‍പ്പെടെ എല്ലാ വഴിയും നോക്കി. ആന എല്ലാം മറികടന്നു. ഒന്നും നടക്കില്ല എന്ന് മനസിലായപ്പോള്‍ ഞങ്ങള്‍ ആ പണി നിര്‍ത്തി. ഞങ്ങളില്‍ ആരംഭിച്ച ദുരന്തം തന്നെയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്', കെ സുധാകരന്‍ പറഞ്ഞു.
അതേസമയം, കടുവയാക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ട പഞ്ചാരക്കൊല്ലിയില്‍ ഇന്നും ജനരോഷം ശക്തമായിരുന്നു. കടുവ ദൗത്യം വൈകുന്നതില്‍ നാട്ടുകാർ പ്രതിഷേധിച്ചു. കടുവയെ പിടികൂടിയാല്‍ തന്നെ കൂട്ടിലടച്ച് കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്നും വെടിവെച്ചുകൊല്ലണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. ആളെക്കൊല്ലി കടുവയെ വെടിവെച്ച് കൊല്ലാന്‍ കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു.
Content Highlights: K Sudhakaran about animal attack