കല്‍പ്പറ്റ: വയനാട് നരഭോജി കടുവയുടെ ആക്രമണത്തില്‍ സ്ത്രീകൊല്ലപ്പെട്ട സംഭവം ദാരുണമെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ജനരോഷം സ്വാഭാവികമാണ്. ഇത് ഒരു വീടിന്റെ വിഷയമല്ല, നാടിന്റെ വിഷയമാണെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. രാധയുടെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് നയിക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്നാണ് താൻ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ്. മറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം ആരാഞ്ഞാണ് വെടിവെച്ചു കൊല്ലാന്‍ ഉത്തരവിറക്കിയത്. ഉറപ്പ് കൊടുത്ത കാര്യങ്ങള്‍ നടപ്പിലാക്കിയോ എന്ന് മോണിറ്ററിംഗ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പന്നിയെ കൊല്ലണമെങ്കില്‍ ഗര്‍ഭിണിയാണോ എന്ന് നോക്കണം എന്ന് പറഞ്ഞത് കോടതിയാണെന്നും മന്ത്രി പറഞ്ഞു. കോടതിയെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് അറിയാം. ചിലപ്പോള്‍ ഒരു തെറ്റൊക്കെ പറ്റില്ലേയെന്നും ശശീന്ദ്രന്‍ പറഞ്ഞു. അതേസമയം രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് മന്ത്രി കൈമാറി. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്കാലികമായി ജോലി നല്‍കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തിയത്. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ നാട്ടുകാര്‍ രാധയുടെ വീടിനും പരിസര പ്രദേശത്തും തടിച്ചുകൂടിയിരുന്നു. മന്ത്രി എത്തിയതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയും കാര്‍ തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്‍ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെയാണ് മന്ത്രിക്ക് രാധയുടെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നതോടെ മന്ത്രി ബേസ് ക്യാമ്പിലേക്ക് പോയി. ഇവിടെയും മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
Content Highlights: A K Saseendran about Wayanad tiger attack