വയനാട്: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. രാധയുടെ വീട് സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് നിയമന ഉത്തരവ് കൈമാറിയത്. രാധയുടെ കുടുംബത്തിലെ ഒരാള്‍ക്ക് താത്ക്കാലികമായി ജോലി നല്‍കുമെന്ന് മന്ത്രി നേരത്തേ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വൈകിട്ട് നാല് മണിയോടെയാണ് മന്ത്രി എ കെ ശശീന്ദ്രന്‍ രാധയുടെ വീട്ടിലെത്തിയത്. മന്ത്രിയുടെ സന്ദര്‍ശന വിവരമറിഞ്ഞ നാട്ടുകാര്‍ രാധയുടെ വീടിനും പരിസര പ്രദേശത്തും തടിച്ചുകൂടിയിരുന്നു. മന്ത്രി എത്തിയതോടെ ജനങ്ങളുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മന്ത്രിക്ക് നേരെ കരിങ്കൊടി ഉയര്‍ത്തിയും കാര്‍ തടഞ്ഞും നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്‍ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെയാണ് മന്ത്രിക്ക് രാധയുടെ വീടിനുള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. രാധയുടെ കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി മകന് താത്ക്കാലിക ജോലി നല്‍കികൊണ്ടുള്ള ഉത്തരവ് കൈമാറുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം തുടര്‍ന്നതോടെ മന്ത്രി ബേസ് ക്യാമ്പിലേക്ക് പോയി. ഇവിടെയും മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധക്കാരുമായി മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ഉടന്‍ നടക്കും.
മാനന്തവാടി ടൗണിനടുത്തുള്ള പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു രാധയെ കടുവ ആക്രമിച്ചത്. കാപ്പിക്കുരു പറിക്കുന്നതിനിടെ, പതിയിരുന്ന കടുവ രാധയെ ആക്രമിക്കുകയായിരുന്നു. രാധയെ കടുവ 100 മീറ്ററോളം ദൂരം വലിച്ചിഴച്ചു. തലയുടെയും കഴുത്തിന്റെയും പിന്‍ഭാഗം കടുവ ഭക്ഷിച്ചിരുന്നു. തണ്ടര്‍ബോള്‍ട്ട് ടീമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം വാര്‍ത്തയായതിന് പിന്നാലെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്ഥലത്തെത്തിയ മന്ത്രി ഒ ആര്‍ കേളുവിനെതിരെയും ജനരോഷം ഉയര്‍ന്നിരുന്നു. രാധയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായധനമായി പ്രഖ്യാപിച്ച പതിനൊന്ന് ലക്ഷത്തില്‍ അഞ്ച് ലക്ഷം രൂപ കഴിഞ്ഞ ദിവസം കൈമാറിയുന്നു. ബാക്കി തുക ഉടന്‍ കൈമാറും.
Content Highlights- minister a k saseendra visit house of radha who killed by tiger attack in wayanad