തിരുവനന്തപുരം: പോക്സോ പരാതി മറച്ചുവെച്ച സ്‌കൂൾ അധികൃതർക്കെതിരെ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം നഗരമധ്യത്തിലെ പ്രമുഖ സ്കൂളാണ് വിദ്യാർത്ഥിനിയുടെ പീഡന പരാതി പൊലീസിനെ അറിയിക്കാതെ മറച്ചുവെക്കാന്‍ ശ്രമിച്ചത്.
സ്കൂളിലെ കൊമേഴ്സ് അധ്യാപകനാണ് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച പീഡന വിവരം അറിഞ്ഞിട്ടും അധ്യാപകർ പൊലീസിനെ അറിയിച്ചില്ല. തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. അധ്യാപകനെതിരെയും സ്കൂളിനെതിരെയും ഫോർട്ട് പൊലീസ് കേസെടുത്തു.
സ്കൂളിൽ വെച്ച് രണ്ടുതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പ്രതിയായ അധ്യാപകൻ വട്ടിയൂർക്കാവ് സ്വദേശിയാണ്. ആറ് മാസം മുൻപാണ് അധ്യാപകൻ പെൺകുട്ടിയെ ആദ്യമായി പീഡിപ്പിക്കുന്നത്. പിന്നീടും ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. ശേഷം സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപെട്ട മറ്റൊരു അധ്യാപികയോടാണ് കുട്ടി താൻ പീഡനത്തിനിരയായ കാര്യം തുറന്നുപറയുന്നത്. അധ്യാപകൻ തന്നെ ഭീഷണിപ്പെടുത്തിയ കാര്യവും തുറന്നുപറഞ്ഞു. അധ്യാപിക ഇക്കാര്യം സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ച ശേഷം, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് വരുത്തിത്തീർക്കാനായിരുന്നു അധികൃതരുടെ ശ്രമം. അധ്യാപകനെ സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാതി നൽകാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. പിന്നീട് പെൺകുട്ടിയുടെ പെരുമാറ്റവ്യത്യാസം ശ്രദ്ധയിൽപെട്ട അമ്മയോട് കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞതോടെയാണ് സ്‌കൂൾ അധികൃതർ ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നില്ല എന്ന് മനസിലാക്കുന്നത്. തുടർന്ന് അമ്മയും മറ്റൊരു ബന്ധുവും കൂടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
Content Highlights: Case taken against school for not reporting pocso