കല്‍പ്പറ്റ: വയനാട് പഞ്ചാരക്കൊല്ലിയില്‍ കടുവ ദൗത്യസംഘത്തിന് നേരെ കടുവ ആക്രമണം. മാനന്തവാടി ആര്‍ആര്‍ടി അംഗത്തിന് പരിക്കേറ്റു. വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിച്ചു. തറാട്ട് ഭാഗത്ത് പരിശോധനയ്ക്ക് ഇറങ്ങിയ സംഘത്തിലെ അംഗം ജയസൂര്യയ്ക്കാണ് പരിക്കേറ്റതെന്നാണ് സൂചനയെന്ന് റെയ്ഞ്ചര്‍ പ്രതികരിച്ചു. ജയസൂര്യയെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിക്കും. ജയസൂര്യയുടെ കെെക്കാണ് പരിക്കേറ്റതെന്നും ഗുരുതര പരിക്കാണെന്നുമാണ് പ്രാഥമിക വിവരം.
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ ആക്രമിച്ച കൊന്ന കടുവയെ പിടികൂടാനായി ഇറങ്ങിയതാണ് ദൗത്യസംഘം. ഉള്‍ക്കാട്ടില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്.
എട്ട് പേരടങ്ങുന്ന എട്ട് സംഘവും, 20 പേരടങ്ങുന്ന ആര്‍ആര്‍ടി സംഘവുമാണ് പഞ്ചാരക്കൊല്ലിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നത്തെ തിരച്ചിലിന്റെ ഭാഗമാകുന്നത്. കടുവയെ കണ്ടാല്‍ മയക്കുവെടി വെക്കാനാണ് തീരുമാനം. ബേസ് ക്യാമ്പില്‍ ആളുകള്‍ക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്.
കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ഇന്ന് ഉന്നതതല യോഗവും ചേരും. നരഭോജി കടുവയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ യോഗം വിലയിരുത്തും. പ്രതിഷേധ സാഹചര്യവും ചര്‍ച്ചയാകും.
Content Highlights: tiger attack on the mission team in Wayanad