വെട്ടുകത്തിയിൽ വടിവെച്ച് കെട്ടി വെട്ടി; വീട്ടിൽ അലമാരയിൽ സൂക്ഷിച്ച നിലയിൽ വടിവാൾ; ചെന്താമരയ്ക്കായി തിരച്ചിൽ

പൊലീസ് നാല് സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയ്ക്കായി തിരച്ചില്‍ നടത്തുന്നത്

dot image

പാലക്കാട്: നെന്മാറയില്‍ മകനേയും അമ്മയേയും കൊലപ്പെടുത്താന്‍ പ്രതി ഉപയോഗിച്ചത് വെട്ടുകത്തി. വെട്ടുകത്തിയില്‍ വടിവെച്ച് കെട്ടിയ ശേഷമാണ് പ്രതി ചെന്താമര സുധാകരനേയും അമ്മ മീനാക്ഷിയേയും വെട്ടിയത്. സുധാകരന്‍ സ്‌കൂട്ടറില്‍ വരുമ്പോള്‍ മറഞ്ഞിരുന്ന പ്രതി വെട്ടുകത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ മീനാക്ഷിയേയും ഇയാള്‍ ആഞ്ഞ് വെട്ടി. രണ്ട് പേരും സംഭവ സ്ഥലത്തുതന്നെ മരിച്ചു.

ചെന്താമര വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍ പറഞ്ഞു. പ്രതിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് വടിവാളും കണ്ടെത്തി. പ്രതിക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. നാല് സംഘങ്ങളായി തിരിഞ്ഞാണ് പ്രതിക്കായി നെല്ലിയാമ്പതി കാട്ടിൽ തിരച്ചില്‍ നടത്തുന്നത്. മലയിലും വനത്തിനുള്ളിലും തിരയുന്നുണ്ട്. പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചും പരിശോധിക്കുന്നുണ്ടെന്നും ഡിവൈഎസ്പി പറഞ്ഞു. ഡിസംബര്‍ 29 ന് ശേഷം പ്രതി നാട്ടിലേക്ക് വന്നത് അറിഞ്ഞില്ല. നെന്മാറ സ്റ്റേഷന്‍ പരിധിയിലേക്ക് ഇനി വരരുതെന്ന് അന്ന് തന്നെ പൊലീസ് പറഞ്ഞിരുന്നു. ഇനി അവിടേയ്ക്ക് പോകില്ലെന്ന് പ്രതി പറഞ്ഞിരുന്നുവെന്നും ഡിവൈഎസ്പി എന്‍ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ചെന്താമരയുടെ സഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു നെന്മാറയെ നടുക്കിയ ഇരട്ടക്കൊലപാതകം. സുധാകരന്‍, അമ്മ മീനാക്ഷി എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ കുടുംബ പ്രശ്‌നങ്ങള്‍ക്ക് കാരണം സുധാകരന്റെ കുടുംബമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. ഈ കൊലയ്ക്ക് ശേഷം ഇയാള്‍ നെല്ലിയാമ്പതി കാടുകളിലേക്ക് ഓടിമറിഞ്ഞു. വൈകാതെ തന്നെ ഇയാള്‍ അറസ്റ്റിലായി. രണ്ട് മാസം മുന്‍പായിരുന്നു ഇയാള്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ സുധാകാരനെ വകവരുത്തുമെന്ന് ചെന്താമര പറഞ്ഞിരുന്നു.

Content Highlights- chenthamara used knife to kill sudhakaran and meenakshi

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us