പാലക്കാട്: നാട്ടുകാരും പൊലീസും വ്യാപക തിരച്ചിൽ നടത്തിയിട്ടും നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കാണാമറയത്ത് തന്നെ. വൈകുന്നേരം പോത്തുണ്ടി മാട്ടായിയില് ചെന്താമരയെ കണ്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസും നാട്ടുകാരും പ്രദേശത്ത് ചെന്താമരയ്ക്കായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചത്. ചെന്തമാര ഒളിച്ചിരിക്കാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചിരുന്നു. പരിശോധനയ്ക്ക് പിന്നാലെയാണ് ചെന്താമര പിടിയിലായതെന്നാണ് സൂചന.
ചെന്താമരയെ കണ്ടെത്തിയ മാട്ടായിയുടെ താഴ്ഭാഗം നെല്ലിക്കാടാണ്. ആ ഭാഗം തെങ്ങിന്തോപ്പും നെല്കൃഷികളുമടക്കമുള്ള കൃഷിയിടങ്ങൾ ഉള്ള പ്രദേശമാണ്. ഇവിടെ ഒറ്റപ്പെട്ട വീടുകളുമുണ്ട്. ഒളിച്ചിരിക്കാൻ സൗകര്യമുള്ള ഇവിടെ ചെന്താമര ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മാട്ടായിയുടെ മറ്റൊരു ഭാഗം കൊടുംകാടാണ്. അവിടേയ്ക്ക് ചെന്താമര കടന്നുചെല്ലാനുള്ള സാധ്യത കുറവാണെന്നും നാട്ടുകാർ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പ്രദേശത്ത് ജനകീയ തിരച്ചിൽ നടത്തിയത്. എന്നാൽ പ്രതിയെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചിൽ പൊലീസ് അവസാനിപ്പിച്ചിട്ടുണ്ട്. തിരച്ചിൽ നാളെയും തുടരുമെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. പ്രദേശത്ത് 15 പൊലീസുകാരെ നിർത്തും. പൊലീസ് തിരച്ചിൽ അവസാനിപ്പിച്ചെങ്കിലും രാത്രി പത്ത് മണിക്കും ജനകീയ തിരച്ചിൽ തുടരുകയാണ്.
ഇന്ന് വൈകിട്ടോടെയാണ് മാട്ടായി മേഖലയിൽ ചെന്താമരയെ കണ്ടത്. ഇളയ സഹോദരിയുടെ വീട്ടിൽ സന്ദർശനം നടത്തി തിരിച്ചുപോകുന്നതിനിടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇയാൾ ഓടിയതോടെ പൊലീസും പിന്നാലെ എത്തി. ഇതിനിടെ സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ഒരു കൂട്ടം കുട്ടികളും ചെന്താമരയെ കണ്ടു. അത് ചെന്താമരയാണെന്നും പിടിക്കണമെന്നും പൊലീസ് വിളിച്ചുപറഞ്ഞതോടെ കുട്ടികളും പിന്നാലെ ഓടി. എന്നാൽ പ്രതിയെ പിടികൂടാനായില്ല. പിന്നാലെ നാട്ടുകാരും പരിശോധനയ്ക്ക് എത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനേയും അമ്മ മീനാക്ഷിയേയും അയൽവാസിയായ ചെന്താമര കൊലപ്പെടുത്തിയത്. സ്കൂട്ടറിൽ വരികയായിരുന്ന സുധാകരനെ വടിയിൽ വെട്ടുകത്തിവെച്ചുകെട്ടി വെട്ടിവീഴ്ത്തുകയായിരുന്നു. സമീപത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു ആക്രമണം. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന മീനാക്ഷിയേയും ചെന്താമര വെട്ടി. സുധാകരൻ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
2019 ൽ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാൻ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം. വീട്ടിൽ അതിക്രമിച്ച് കയറിയ ചെന്താമര സജിതയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ഭാര്യ പിണങ്ങിപ്പോയതിന് കാരണം നീണ്ട മുടിയുള്ള സ്ത്രീയാണെന്ന മന്ത്രവാദിയുടെ വാക്കുകൾ വിശ്വസിച്ചാണ് അന്ധവിശ്വാസിയായ ചെന്താമര സജിതയെ കൊലപ്പെടുത്തിയതെന്നും വിവരമുണ്ടായിരുന്നു. സജീതയെ കൊലപ്പെടുത്തിയതിന് ശേഷവും ചെന്താമര നെല്ലിയാമ്പതി കാടുകളിലേക്കാണ് ഓടിമറിഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ഇയാൾ പിടിയിലാവുകയായിരുന്നു.
2022 ൽ നെന്മാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. 2023 ൽ നെന്മാറ പഞ്ചായത്ത് മാത്രമാക്കി ജാമ്യവ്യവസ്ഥ ചുരുക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാൾ വീണ്ടും നെന്മാറയിൽ എത്തി. ചെന്താമരയിൽ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് സുധാകരൻ കഴിഞ്ഞ മാസം 29ന് നെന്മാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നെന്മാറ പൊലീസ് ചെന്താമരയെ വിളിച്ചുവരുത്തി താക്കീത് നൽകിയിരുന്നു. ഇനി നെന്മാറയിലേക്ക് പോകില്ലെന്നും തിരുപ്പൂരിലേക്ക് പോകുകയാണെന്നുമായിരുന്നു ചെന്താമര അന്ന് പൊലീസിനോട് പറഞ്ഞത്. ദിവസങ്ങൾക്കുള്ളിൽ തന്നെ ചെന്താമര തിരുപ്പൂരിൽ നിന്ന് നെന്മാറയിലെ താമസ സ്ഥലത്ത് എത്തി. ഇത് പൊലീസ് അറിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു അരുംകൊല. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ പൊലീസ് പരാതി വിലക്കെടുത്തില്ലെന്നും സുധാകരന്റെ മകൾ പറഞ്ഞിരുന്നു.
Content Highlights: The police call off the search and the public search continues to find out Chenthamara