
കാസർകോട് : കുമ്പള ആരിക്കാടിയിലെ കോട്ടയ്ക്കകത്തെ കിണറ്റിൽ നിധി ഉണ്ടെന്ന് കരുതി കുഴിച്ചെടുക്കാൻ ശ്രമിച്ചവർക്ക് എതിരെ കേസെടുത്ത് പൊലീസ്. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംരക്ഷിത മേഖലയിൽ അതിക്രമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.മൊഗ്രാൽ-പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ചു പേരാണ് കേസിലെ പ്രതികൾ.കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.
അതേ സമയം നിധി കുഴിച്ചെടുക്കാൻ ശ്രമിച്ച ആരിക്കാടി കോട്ടയിൽ ഇന്ന് വൈകിട്ടോടെ തീപിടിത്തമുണ്ടായി. തീ നിയന്ത്രണ വിധേയമാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.ഇന്നലെ വൈകീട്ട് 4 മണിയോടെയാണ് കാസർകോട് മൊഗ്രാൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുജീബ് അടക്കമുള്ളവരുടെ സംഘം നിധി കുഴിച്ചെടുക്കാനെത്തിയത്. കണ്ണൂരിൽ സമാനമായി കുടുംബശ്രീ പ്രവർത്തകർക്ക് നിധി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സംഘത്തെ ഇവിടേക്ക് പറഞ്ഞയച്ചത്.നിധി ലഭിച്ചാൽ എല്ലാവർക്കും ചേർന്ന് ഇത് പങ്കിടാമെന്ന് പറഞ്ഞായിരുന്നു കുഴിക്കാനിറങ്ങിയത്. എന്നാൽ കോട്ടയ്ക്ക് അകത്ത് നിന്ന് കുഴിക്കുന്ന ശബ്ദം കേട്ട് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം കാണുന്നത്. നാട്ടുകാരെ കണ്ടതോടെ കിണറിന് പുറത്ത് നിന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ ഉള്ളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം മുൻപും ഇവർ ഇവിടെയെത്തി നിധി അന്വേഷിച്ചിരുന്നുവെന്നാണ് വിവരം.
content highlights : treasure in the well, police registers case