സർക്കാരിന് നിസ്സം​ഗത, വന്യജീവി ആക്രമണത്തിൽ ഒന്നും ചെയ്യുന്നില്ല; പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്ന് വി ഡി സതീശൻ

'ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വനജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു'

dot image

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ സർക്കാരിന് നിസ്സം​ഗത എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വന്യജീവികൾ ജനവാസ മേഖലയിലേക്ക് എത്തുന്നത് തടയാൻ പുതിയ കാലത്ത് അയൽ സംസ്ഥാനങ്ങൾ ആധുനിക സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിലെ പഴയതും പുതിയതുമായ സംവിധാനങ്ങൾ ഒന്നും ചെയ്യുന്നില്ല. കഴിഞ്ഞ നാലുവർഷമായി സർക്കാർ ഒരു കാര്യവും ചെയ്യുന്നില്ലെന്നും വി ഡി സതീശൻ വിമർശിച്ചു. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി ഡ‍ി സതീശൻ.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വന്യജീവി ആക്രമണം കുറഞ്ഞെന്ന് എഴുതിവച്ചു. ആക്രമണം കൂടിയെന്ന് സർക്കാരിന്റെ തന്നെ കണക്കുണ്ട്. വന്യജീവി ആക്രമണത്തിൽ ആയിരത്തിലധികം പേർ മരിച്ചു. മലയോര ജനതയുടെ വിധി എന്ന് പറഞ്ഞു ആശ്വസിക്കാം.
വന്യജീവി ആക്രമണത്തിന് ഇരയായവർക്ക് പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ പോലും നടപ്പാക്കുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുകൊണ്ടുളള മലയോര ജാഥയ്ക്ക് ശേഷം സർക്കാരിലേക്ക് പരിഹാരമാർഗങ്ങൾ സമർപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു. എല്ലാ മേഖലയിലുള്ള ആളുകളുമായി കൂടി ആലോചിച്ചാണ് പരിഹാരമാർഗം നിർദേശിക്കുന്നത്. നിയമസഭയിൽ എല്ലാ സമ്മേളനത്തിലും വിഷയം ഉന്നയിച്ചിട്ടുണ്ട്, പക്ഷേ പരിഹാരം ഉണ്ടാകുന്നില്ല. നാല് അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചുവെന്നും വി ഡി സതീശൻ വ്യക്തമാക്കി.

വയനാട് എം പി പ്രിയങ്ക ​ഗാന്ധിയും രാധയുടെ വീട് സന്ദർശിക്കാനായി കേരളത്തിൽ എത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഓഫീസില്‍ ഉദ്യോഗസ്ഥരുമായി പ്രിയങ്ക ചര്‍ച്ച നടത്തുമെന്നാണ് വിവരം. ഇതിന് ശേഷം ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ വീടും പ്രിയങ്ക സന്ദര്‍ശിച്ചേക്കും. പിന്നാലെ ഡല്‍ഹിക്ക് മടങ്ങും.

രാധയെ കടുവ ആക്രമിച്ച് കൊന്നതിന് പിന്നാലെ പ്രതികരിച്ച് പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. വയനാട്ടില്‍ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.

പഞ്ചാരക്കൊല്ലി പ്രിയദര്‍ശനി എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു 47കാരിയായ രാധ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തണ്ടര്‍ബോള്‍ട്ട് ടീമാണ് പകുതി ഭക്ഷിച്ച നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. മാനന്തവാടിയില്‍ വനംവകുപ്പ് താത്ക്കാലിക വാച്ചറായ അപ്പച്ചന്റെ ഭാര്യയായിരുന്നു രാധ. കാപ്പിക്കുരു പറിക്കുന്നതിനായി എസ്റ്റേറ്റിലെത്തിയ രാധയെ കടുവ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. രാധയുടെ കഴുത്തിൽ കടിച്ചുവലിച്ച കടുവ 100 മീറ്ററോളം വലിച്ചിഴച്ചിരുന്നു. സംഭവം വാർത്തയായതിന് പിന്നാലെ വനംവകുപ്പിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സ്ഥലത്തെത്തിയ മന്ത്രി ഒ ആർ കേളുവിനെതിരെയും എ കെ ശശീന്ദ്രനെതിരെയും പ്രതിഷേധമുയർന്നു. ഇതിന് പിന്നാലെ രാധയുടെ കുടുംബത്തിൽ ഒരാൾക്ക് താത്ക്കാലിക ജോലി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ജനരോഷം അലയടിച്ചതോടെ കടുവയെ വെടിവെച്ച് കൊല്ലാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു. ചീഫ് വൈൽഡ് വാർഡൻ കടുവയെ കൊല്ലാൻ ഉത്തരവിറക്കി.

കടുവയ്ക്കായി വനംവകുപ്പും പൊലീസും വലവിരിച്ച് കാത്തിരിക്കെ തിങ്കളാഴ്ച രാവിലെ വയനാട് പിലാക്കലിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയ നരഭോജി കടുവ കൊല്ലപ്പെടുകയായിരുന്നുവെന്ന് വനംവകുപ്പ് അറിയിച്ചു. രാധയെ കൊലപ്പെടുത്തിയ കടുവ തന്നെയാണ് ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോർട്ടത്തില്‍ കടുവയുടെ വയറ്റില്‍ നിന്ന് രാധയുടെ ശരീരാവശിഷ്ടങ്ങളും കമ്മലും സാരിയുടെ ഭാഗങ്ങളും കണ്ടെടുത്തിരുന്നു.

Content Highlights: VD Satheesan Criticizing Government Over Wild Animal Attack in Kerala

dot image
To advertise here,contact us
dot image